ദേശീയ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നാളെ മുതൽ
കൊച്ചി: നാലു ദിവസങ്ങളിലായി നടക്കുന്ന 28ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് നാളെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാവും. ഒളിമ്പ്യൻമാരും നിലവിലെ റെക്കാഡ് ജേതാക്കളുമുൾപ്പെടെ 580 അത്‌ലറ്റുകൾ പങ്കെടുക്കും. മേയ് 27 മുതൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള പ്രധാന യോഗ്യതാ മീറ്റ് കൂടിയാണിത്. എ.എഫ്.ഐയുടെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുൾപ്പെടെ ചാമ്പ്യൻഷിപ്പ് വീക്ഷിക്കാനെത്തും.
ആകെ 38 ഫൈനലുകളാണുള്ളത്. നാളെ രാവിലെ 6ന് പുരുഷ വിഭാഗം 10,000 മീറ്റർ ഓട്ടത്തോടെ ട്രാക്കുണരും, പിന്നാലെ വനിതാവിഭാഗം മത്സരം. 100 മീറ്ററിൽ ഉൾപ്പെടെ ആദ്യദിനം എട്ടിനങ്ങളിലാണ് ഫൈനൽ.
അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിന്റെ നിലവാരത്തിലാണ് മത്സരങ്ങൾ നടത്തുന്നതെന്ന് സംഘാടകരായ കേരള അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മത്സരങ്ങളുടെ തത്സമയ സംപ്രഷണം ഉണ്ടാവും. ലൈവ് ഡിസ്‌പ്ളെയ്‌ക്കൊപ്പം ഇത്തവണ ആദ്യമായി ട്രാക്കിന് ചുറ്റും ഡിജിറ്റൽ ഇലക്ട്രോണിക് ഡിസ്‌പ്ലേകളും സ്ഥാപിക്കുമെന്ന് അസോസിയേഷൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടൻ, എ.എഫ്.ഐ പ്രതിനിധി പ്രൊഫ. സക്കീർ ഹുസൈൻ, കോമ്പറ്റീഷൻ ഡയറക്ടർ ഹരിദാസ് ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.