ജോസേട്ടൻ ജോറാക്കി

Sunday 20 April 2025 3:07 AM IST

ഡൽഹിയെ കീഴടക്കി ഗുജറാത്ത് ഒന്നാമത്,​ ജോസ് ബട്ട്‌ലർ കളിയിലെ താരം

അഹമ്മദാബാദ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് താരം ജോസ് ബട്ട്ലർ മുന്നിൽ നിന്ന് നയിച്ച ചേസിംഗിലൂടെ ഡൽഹി ക്യാപിറ്റൽസിനെ 7 വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 203 റൺസ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് 54 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്റുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ 4 പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്ത ബട്ട്‌ലർ തന്നെയാണ് കളിയിലെ താരം. ജയത്തോടെ പോയിന്റ് ടേബിളിൽ ഡൽഹിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ഗുജറാത്തിനായി. ഡൽഹിയുടെ സീസണിലെ രണ്ടാം തോൽവിയാണിത്. ഇരുടീമിനും 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ ഗുജറാത്ത് ഡൽഹിയെ മറികടക്കുകയായിരുന്നു.

ഇരുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലിനെ (7)​ റണ്ണൗട്ടിനറെ രൂപത്തിൽ തുടക്കത്തിലേ നഷ്ടമായി. മൂന്നാമനായെത്തിയ ജോസ് സായ്‌സുദർശനൊപ്പം (36)​ 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചു. സുദർശനെ ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ കൈയിൽ എത്തിച്ച് കുൽദീപാണ് കൂട്ടുകെട്ട് പൊളിച്ചത്. പകരമെത്തിയ ഇംപാ‌ക്‌ട് പ്ലെയർ ഷെർഫേൻ റുത‌ർഫോർഡിനൊപ്പം (34 പന്തിൽ 43)​ ബട്ട്‌ലർ ഗുജറാത്തിനെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 119 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിജയത്തിനരികെ റുതർഫോർഡിനെ മുകേഷ് കുമാർ പുറത്താക്കയെങ്കിലും തുടർന്നെത്തിയ രാഹുൽ തെവാത്തിയ (3 പന്തിൽ 11)​ തകർപ്പൻ ഫിനിഷിംഗിലൂടെ ഗുജറാത്തിന്റെ ജയമുറപ്പിച്ചു. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 10 റൺസ് വേണമായിരുന്നു. ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും നേടി തെവാത്തിയ ഗുജറാത്തിനെ വിജയ തീരത്തെത്തിച്ചു. അർഹിച്ച സെഞ്ച്വറിക്ക് 3 റൺസ് അകലെ ജോസ് പുറത്താകാതെ നിന്നു.11 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ജോസിന്റെ ഇന്നിംഗ്‌സ്.

നേരത്തെ ആരും അർദ്ധ സെഞ്ച്വറി നേടിയില്ലെങ്കിലും മുൻനിരയിലെയും മദ്ധ്യനിരയിലേയും ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം നടത്തിയതിനാലാണ് ഡൽഹിയുടെ സ്കോ‌ർ 200 കടന്നത്. ക്യാപ്‌ടൻ അക്ഷർ പട്ടേൽ (39)​,​ അഷുതോഷ് ശർമ്മ (19 പന്തിൽ 37)​,​ സ്റ്റബ്‌സ് (31)​,​ കരുൺ നായർ (18 പന്തിൽ 31)​,​ കെ.എൽ രാഹുൽ (14 പന്തിൽ 28)​,​അഭിഷേക് പോറൽ (9 പന്തിൽ 18)​ എന്നവരെല്ലാം നിർണായക സംഭാവന നൽകി.ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്‌ണ 4 വിക്കറ്റ് വീഴ്‌ത്തി.

ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 200 സിക്‌സുകൾ തികയ്‌ക്കുന്ന താരമായി കെ.എൽ രാഹുൽ. 129 ഇന്നിംഗ്‌സുകളിൽ നിന്നാണ് രാഹുൽ 200 സിക്സ് തികച്ചത്. സഞ്ജു സാംസണിന്റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് (159 ഇന്നിംഗസുകൾ)​ രാഹുൽ തിരുത്തിയത്.

119- മൂന്നാം വിക്കറ്റിൽ ഗുജറാത്തിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ബട്ട്‌ലറും റുതർഫോർഡും ഉണ്ടാക്കിയത്.