പച്ചപുതച്ചതല്ല, വയലറ്റണിഞ്ഞ് നെൽപ്പാടങ്ങൾ , പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങി
പത്തനംതിട്ട : കതിരുൾപ്പെടെ നെൽചെടിയ്ക്ക് വയലറ്റ് നിറം , കീടപ്രതിരോധ ശേഷിയും ഏറെ. ജില്ലയിൽ വ്യാപകമാകുകയാണ് ജപ്പാൻ വയലറ്റ് നെല്ലിന്റെ കൃഷി. പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യമായി നിരവധി കർഷകർ ജപ്പാൻ വയലറ്റ് കൃഷി ചെയ്ത് തുടങ്ങി. പുല്ലാട് സംസ്ഥാന വിത്തുൽപാദന കേന്ദ്രം ഒരേക്കർ ജപ്പാൻ വയലറ്റ് കൃഷി കഴിഞ്ഞ വർഷം ചെയ്ത് ശ്രദ്ധനേടിയിരുന്നു. ആലുവ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ നിന്നാണ് ഇവർ വിത്ത് എത്തിച്ചത്. ശേഷം അവിടെ തന്നെ വിത്ത് ഉൽപാദിപ്പിച്ച് മറ്റ് പഞ്ചായത്തുകൾക്ക് വിൽപന നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലായ് മാസത്തിൽ ആറൻമുളയിലെ കർഷകൻ സുനിൽ കുമാർ ജപ്പാൻ വയലറ്റ് കൃഷി ചെയ്തിരുന്നു. ജില്ലയിൽ പന്തളം തെക്കേകര മാവരപ്പാടത്ത് ഒന്നര ഏക്കറിൽ ജപ്പാൻ വയലറ്റ് കൃഷി ആരംഭിച്ചിട്ടുണ്ട്.
ഗുണമേന്മയുള്ള നെല്ലിനം കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷിയിറക്കിയത്. കൃഷി ഭവനിൽ നിന്ന് സൗജന്യമായി 20 കിലോ വിത്തുകളാണ് മാവരപ്പാടത്ത് വിതച്ചിരിക്കുന്നത്. മാവര പാടശേഖര സമിതിയുടെ അര ഏക്കറിൽ ബിന്ദു എന്ന കർഷകയുടെ നേതൃത്വത്തിലാണ് കൃഷി.
ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനം. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ജപ്പാൻ വയലറ്റ് കൃഷി ചെയ്യാനായി ജില്ലയിൽ നിരവധി കർഷകർ തയ്യാറെടുക്കുന്നുണ്ട്. വയലറ്റായതിനാൽ വരിനെല്ല് പ്രത്യേകം കണ്ടെത്തി പിഴുത് കളയാൻ എളുപ്പമാണ്.
ജപ്പാൻ വയലറ്റ് നെല്ലിന്റെ ഗുണങ്ങൾ
സമൃദ്ധമായ നാരുകൾ
ത്വക്കിനും കണ്ണിനും ഗുണം
ഗ്ലൂട്ടൻ രഹിത പ്രകൃതി ദത്ത ധാന്യം
പ്രോട്ടീൻ ഇരുമ്പ് അംശം കൂടുതൽ
കീട പ്രതിരോധം
ഹൃദയാരോഗ്യം സംരക്ഷിക്കും
കാൻസർ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ
പന്തളത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. ഒന്നര ഏക്കറിലാണ് ജപ്പാൻ വയലറ്റ് കൃഷി. ഗുണമേറെയുള്ള വിത്തിനമാണിത്.
പോൾ പി.ജോസഫ്
അസി. കൃഷി ഓഫീസർ