തസ്ലീമ അറസ്റ്റിലായിട്ട് 19 ദിവസം; ഷൈൻ ഉൾപ്പടെയുളള നടൻമാർക്കെതിരെ മൊഴി നൽകിയിട്ടും നടപടിയില്ല
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന, ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടൻമാർക്കെതിരെ മൊഴി നൽകിയിട്ടും നടപടിയെടുക്കാതെ എക്‌സൈസ്. പ്രതികൾ അറസ്റ്റിലായി 19 ദിവസം കഴിഞ്ഞിട്ടും നടൻമാരെ ചോദ്യം ചെയ്യുകയോ നോട്ടീസ് അയക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. റിമാൻഡിലുളള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനുശേഷം മാത്രമേ നടൻമാർക്ക് നോട്ടീസ് അയക്കുകയുളളൂവെന്ന തീരുമാനത്തിലാണ് എക്‌സൈസ്.
തസ്ലീമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് അയച്ച സന്ദേശങ്ങളും യുവതികളുടെ ചിത്രങ്ങളും എക്‌സൈസിന് ലഭിച്ചതാണ്. നടൻമാരോടൊപ്പം ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നൽകിയിരുന്നു. കൂടാതെ ഇവരുടെ മൊബൈൽ ഫോണുകൾ അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. 25 പേരുടെ മൊഴിയും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ മേഖലയിലെ ഉന്നതരുമായി തസ്ലീമക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ തസ്ലീമ സുൽത്താനയുടെ ഭർത്താവും അറസ്റ്റിലായിരുന്നു. ചെന്നൈയിലെ എന്നൂറിൽ വച്ചാണ് ഭർത്താവ് സുൽത്താനെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നും എക്സൈസ് കണ്ടെത്തിയിരുന്നു. സുൽത്താന് ചെന്നൈയിൽ മൊബൈൽ ഷോപ്പുണ്ടെന്നും ഇവിടേയ്ക്ക് സാധനങ്ങൾ കൊണ്ടുവരാൻ മലേഷ്യ അടക്കമുളള സ്ഥലങ്ങളിൽ സ്ഥിരം സന്ദർശിക്കാറുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.സുൽത്താനാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് നിഗമനം.