എരമംഗലത്ത് ഉത്സവത്തിനിടെ ഡിവെെഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതി; രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
മലപ്പുറം: എരമംഗലത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവെെഎഫ്ഐ പ്രവർത്തകരെയും മർദിച്ചെന്ന പരാതിയിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.
സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫീസർ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ ജെ ജോജയെ ആണ് കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റിയത്. ഏപ്രിൽ രണ്ടിന് നടന്ന പുഴക്കര ഉത്സവത്തിനിടെയായിരുന്നു സംഭവം.
ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകൻ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവെെഎഫ്ഐ പ്രവർത്തകരെ മർദിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പൊലീസുകാർക്കെതിരെ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.