സീബ്ര ലൈനിൽകൂടി റോഡ് മുറിച്ചുകടക്കവേ അപകടം, സൗദിയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
Sunday 20 April 2025 10:51 AM IST
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലാണ് സംഭവം. കൊല്ലം കൊട്ടാരക്കര പൂവറ്റൂർ ഗോപി സദനം വീട്ടിൽ ഗോപകുമാർ (52) ആണ് മരിച്ചത്.
വെള്ളിയാഴ്‌ച വൈകിട്ട് നാലിന് ഗോപകുമാർ തുഖ്‌ബ സ്‌ട്രീറ്റ് 20ൽ റോഡിലെ സീബ്ര ലൈൻ മുറിച്ച് കടക്കവേ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. ഗോപകുമാറിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയും ചെയ്തു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ കടന്നുകളഞ്ഞു.
16 വർഷമായി ദമാമിൽ ജോലി ചെയ്തുവരികയായിരുന്നു ഗോപകുമാർ. തുഖ്‌ബയിൽ എസി വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. പിതാവ്: ഗോപിനാഥ് പിള്ള, മാതാവ്: പൊന്നമ്മ. ഭാര്യ: ശ്രീജ, മക്കൾ: ഗണേശ്, കാവ്യ.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ ആരംഭിച്ചു.