'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,​ വേട്ടയാടപ്പെട്ടവരുടെ അത്യന്തിക സത്യത്തിന്റെ ദിനം വരിക തന്നെ ചെയ്യും'; വീഡിയോയുമായി പി പി ദിവ്യ

Sunday 20 April 2025 12:27 PM IST

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നേരിടുന്നതിനിടെ വീഡിയോയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഈസ്റ്റർ ആശംസകൾ അറിയിച്ച് യൂട്യൂബിലൂടെയാണ് പുതിയ വീഡിയോ ദിവ്യ പങ്കുവച്ചിരിക്കുന്നത്. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

പി പി ദിവ്യയുടെ വാക്കുകൾ

എല്ലാവർക്കും നമസ്കാരം ഈസ്റ്റർ ആശംസകൾ. പെസഹവ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ ഇത് നമുക്ക് ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ഈസ്റ്റർ നമ്മെ ഓർപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാർത്ഥരായ മനുഷ്യർക്കായി ചോദ്യങ്ങൾ ഉയർത്തിയതിനാലാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടത്.

വാക്കിലോ പ്രവർത്തിയിലോ മനോഭാവത്തിലോ തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നന്മമാത്രം ആഗ്രഹിച്ചവൻ, നെറികേട് കണ്ടാൽ ചാട്ടവാറെടുത്ത നീതിമാനായിരുന്നു അദ്ദേഹം. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് ഉറക്കെ പറഞ്ഞ മനുഷ്യസ്‌നേഹി. എന്നിട്ടും മതമേലദ്ധ്യക്ഷന്മാരും ഭരണകൂടവും അവനെതിരായി നിന്ന് തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ച് കൊന്നു. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റികൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്.

എത്ര സത്യസന്ധമായി ജീവിച്ചാൽ പോലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ ഏത് പാതാളത്തിൽ ആണെങ്കിലും കുതിച്ചുയർന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന് സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റെത് തന്നെയാണ്. നമുക്കൊരു പതനം ഉണ്ടാകുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് തിരിച്ചറിവും ഈ അവസരത്തിൽ നമുക്ക് പാഠമാകും.

മുൾക്കിരീടം അണിയുമ്പോഴും കുരിശിലേറ്റുമ്പോഴും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ വിധി ഏറ്റുവാങ്ങി. നന്മയുടെയും സ്നേഹത്തിന്റെയും നായകൻ നമ്മെ പഠിപ്പിക്കുന്നത്, നിലപാടുകൾക്ക് മുൾക്കിരീടം അണിയേണ്ടിവന്നാലും കുരിശുമരണം വിധിച്ചാലും ഒരുനാൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും എന്നാണ്. വേട്ടയാടപ്പെട്ടവരുടെ അത്യന്തിക സത്യത്തിന്റെ ദിനം വരിക തന്നെ ചെയ്യും. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ അത് ഞായറാഴ്ച ഉയർത്തെഴുന്നേൽക്കും എല്ലാവർക്കും ഈസ്റ്റർ ആശംസകൾ. വീഡിയോ.