രാജവെമ്പാലയുടേത് പോലുള്ള ഉഗ്ര വിഷം; മരുഭൂമി കരിമൂര്‍ഖന്‍ സാധാരണയേക്കാള്‍ അപകടകാരി

Sunday 20 April 2025 7:58 PM IST

കഴിഞ്ഞ ദിവസം കണ്ടെത്തിയ മരുഭൂമി കരിമൂര്‍ഖന്‍ സാധാരണ മൂര്‍ഖനേക്കാള്‍ അപകടകാരി. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലാണ് പരിസ്ഥിതി സമിതി പാമ്പിനെ കണ്ടെത്തിയത്. കരിമൂര്‍ഖനെ കണ്ടെത്തിയ കാര്യം സുടാക്‌സ ജേണലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. വാട്ടറിനേഷിയ ഈജിപ്തിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പാമ്പാണ് മരുഭൂമി കരിമൂര്‍ഖന്‍. ഉഗ്രവിഷമുള്ള ഇവ മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി കാണപ്പെടുന്നവയാണ്.

കറുത്ത് തിളങ്ങുന്ന നിറമുള്ള ഈ ഇനത്തിന് സാധാരണ മൂര്‍ഖന്‍ പാമ്പുകളേക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷിയും ഉഗ്ര വിഷവും ഇവരെ കൂടുതല്‍ അപകടകാരികളാക്കുന്നുണ്ട്. രാജവെമ്പാലയുടേതിന് സമാനമായ വിഷമാണ് ഇവയ്ക്കുള്ളത് എന്നതുകൊണ്ട് തന്നെ കടി കിട്ടിയാല്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്. 150 സെന്റീമീറ്റര്‍ വരെ നീളമുള്ള ഈ പാമ്പുകള്‍ രാത്രി കാലങ്ങളിലാണ് കൂടുതലായും പുറത്തിറങ്ങുന്നത്.

മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി കാണപ്പെടുന്നവയാണ് ഡെസേര്‍ട്ട് ബ്ലാക് കോബ്ര എന്നറിയപ്പെടുന്ന മരുഭൂമി കരിമൂര്‍ഖന്‍. ഒമാന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വന്യജീവി മേഖലകളിലെ ഗവേഷണത്തിനും ഈ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. കരിമൂര്‍ഖന്‍- കറുത്ത മരുഭൂമി മുര്‍ഖന്‍ എന്നും അറിയപ്പെടുന്നുണ്ട്. ഇത് ഏറെ മാരകമായ വിഷമുള്ള പാമ്പുകളിലൊന്നായാണ് അറിയപ്പെടുന്നത്.

ശാസ്ത്രീയ ഗവേഷണ മേഖലയുടെ മികച്ച നേട്ടമായും ഈ കണ്ടെത്തല്‍ പരിഗണിക്കുന്നുണ്ട്. അന്താരാഷ്ട്ര ജേര്‍ണലായ 'സൂടാക്സ'യുടെ ഏപ്രില്‍ ലക്കത്തില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമാനില്‍ താപനില കൂടുതലായതിനാല്‍ പൊതുവെ എല്ലാ വന്യ ജീവികളിലും വിഷാംശം കൂടുതലാണ്. പൊതുവെ വിഷമുള്ള എല്ലാ ജീവികളിലും വിഷത്തിന്റെ ശക്തി കൂടുതലാണ്. എന്നാല്‍ ഒമാനില്‍ തീരെ അപകടകാരികളല്ലാത്ത പാമ്പുകളും പട്ടികയിലുണ്ട്.

പാമ്പുകളെ കണ്ടെത്തുന്നതും തരം തിരിക്കുന്നതും പാമ്പ് കടിയേറ്റാല്‍ നല്‍കുന്ന ചികിത്സക്ക് സഹായകമാവും. കടിച്ച പാമ്പുകളുടെ അതേ വിഭാഗത്തില്‍പെടുന്ന പാമ്പുകളുടെ പ്രതിവിഷം നല്‍കിയാണ് കടിയേറ്റവരുടെ ജീവന്‍ രക്ഷപ്പെടുത്തുന്നത്. അതിനാല്‍ ഇത്തരം കണ്ടെത്തലുകള്‍ രാജ്യത്തിന്റെ പ്രകൃതി വൈവിധ്യം സംരക്ഷിക്കുന്നതിനൊപ്പം ജീവ സുരക്ഷക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്.