ആനത്താവളത്തിലെ അപകട മരണം: അഭിരാമിന് കണ്ണീരോടെ വിട

Monday 21 April 2025 1:47 AM IST

കടമ്പനാട് : ആനയെക്കാണാനെത്തി ആനത്താവളത്തിൽ അപകടത്തിൽ മരിച്ച നാലു വയസുകാരൻ അഭിരാമിന് നാട് കണ്ണീരോടെ വിടനൽകി. അടൂർ കടമ്പനാട് വടക്ക് തൊയിപ്പാട്ട് പടിഞ്ഞാറ്റേതിൽ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് വൻ ജനാവലി സാക്ഷിയായി. അഞ്ചുവർഷം കാത്തിരുന്നുണ്ടായ ഏകമകൻ ചേതനയറ്റ് കിടക്കുന്നത് കണ്ട് അലമുറയിട്ട് നിലവിളിച്ച അച്ഛൻ അജിയേയും അമ്മ ശാരിയെയും ആശ്വസിപ്പിക്കാനാകാതെ അവർ വിതുമ്പി.വെള്ളിയാഴ്ച കോന്നി കല്ലേലി ഉൗരാളിഅപ്പൂപ്പൻകാവിൽ പോയി മടങ്ങുമ്പോൾ ആനയെ കാണാനുള്ള അഭിരാമിന്റെ ആഗ്രഹപ്രകാരമാണ് ശാരിയും ബന്ധുക്കളുമടങ്ങുന്ന സംഘം ആനത്താവളത്തിൽ എത്തിയത്. കാഴ്ചകൾ കണ്ടും ചിത്രങ്ങൾ പകർത്തിയും സമയം ചെലവഴിക്കുന്നതിനിടെ കോൺക്രീറ്റ് തൂണിൽ പിടിച്ച് അഭിരാം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതേ തൂൺ വീണാണ് അപകടം.

അഭിരാം പഠിച്ചിരുന്ന ഗവ.ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്കൂളിൽ മൃതദേഹം ആദ്യം പൊതുദർശനത്തിന് വച്ചു. അതിന് ശേഷമാണ് വീട്ടിലെത്തിച്ചത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അന്തിമോപചാരം അർപ്പിച്ചു. അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതവേണമെന്ന് അദ്ദേഹം പറഞ്ഞു.