ഐ.ടി മേഖലയിൽ ആശങ്കയേറുന്നു

Monday 21 April 2025 12:50 AM IST

വ്യാപാര യുദ്ധം കമ്പനികൾക്ക് വിനയാകുന്നു

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിൽ ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് വെല്ലുവിളിയേറുന്നു. അമേരിക്കയിലും യൂറോപ്പിലും മാന്ദ്യ ഭീഷണി ശക്തമായതിനാൽ വൻകിട കമ്പനികൾ ചെലവു ചുരുക്കലിന്റെ ഭാഗമായി പ്രോജക്‌ടുകൾ മരവിപ്പിക്കുന്നതും ഡൊണാൾഡ് ട്രംപിന്റെ പകരത്തീരുവ പ്രഖ്യാപനം വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ് ഇന്ത്യൻ ഐ.ടി മേഖലയ്ക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തി. ആഗോള സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ നടപ്പു സാമ്പത്തിക വർഷത്തിൽ ഐ.ടി കമ്പനികൾ ഏറെ കരുതലോടെയാണ് നീങ്ങുന്നത്.

രാജ്യത്തെ ഏറ്റവും ഐ.ടി കമ്പനിയായ ടി.സി.എസിന്റെ വരുമാനത്തിൽ നാലു വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വരുമാന വളർച്ചയാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിലുണ്ടായത്. കമ്പനിയുടെ വരുമാനം 61,237 കോടി രൂപയിൽ നിന്ന് 64,479 കോടി രൂപയായി. ഇൻഫോസിസിന്റെ വരുമാനം എട്ടു ശതമാനം ഉയർന്ന് 40,925 കോടി രൂപയിലെത്തി. വിപ്രോയുടെ വരുമാനത്തിലും നേരിയ വർദ്ധന മാത്രമാണുണ്ടായത്.

കമ്പനികളുടെ ലാഭം ഇടിയുന്നു

ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസത്തിൽ മുൻനിര കമ്പനികളായ ടി.സി.എസ്, ഇൻഫോസിസ് എന്നിവയുടെ ലാഭത്തിൽ ഇടിവുണ്ടായി. ഇക്കാലയളവിൽ ടി.സി.എസിന്റെ അറ്റാദായം 1.7 ശതമാനം കുറഞ്ഞ് 12,224 കോടി രൂപയിലെത്തി. ഇൻഫോസിസിന്റെ അറ്റാദായം 11.75 ശതമാനം ഇടിഞ്ഞ് 7,033 കോടി രൂപയായി. അതേസമയം വിപ്രോയുടെ അറ്റാദായം 26 ശതമാനം ഉയർന്ന് 3,569.6 കോടി രൂപയായി. വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായില്ലെങ്കിലും ചെലവുചുരുക്കലും മറ്റിനങ്ങളിലെ വരുമാനവുമാണ് ലാഭം മെച്ചപ്പെടുത്താൻ വിപ്രോയെ സഹായിച്ചത്.

പ്രതികൂല സാഹചര്യങ്ങളേറുന്നു

1. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം കണക്കിലെടുത്ത് ആഗോള കമ്പനികൾ പുതിയ നിക്ഷേപങ്ങ

ൾ മരവിപ്പിക്കുന്നു

2. അമേരിക്കയിലെത്തുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അടിസ്ഥാന തീരുവ ഏർപ്പെടുത്തിയതോടെ വിലക്കയറ്റം രൂക്ഷമാകുന്നു

3. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കനത്ത ചാഞ്ചാട്ടം ഐ.ടി കരാറുകൾ നേടുന്നതിന് വെല്ലുവിളി സൃഷ്‌ടിക്കുന്നു

4. സാങ്കേതികവിദ്യ രംഗത്തുണ്ടാകുന്ന ദ്രുതഗതിയിലെ മാറ്റങ്ങളും ചൈനയുടെ ചെലവ് കുറഞ്ഞ ചിപ്പുകളും ഇന്ത്യൻ കമ്പനികളുടെ മത്സരക്ഷമത ബാധിക്കുന്നു