കെ.എസ്.ആർ.ടി.സിക്ക് നേട്ടം കോടികൾ, 'പണി'യായി ബഡ്‌ജറ്റ് ടൂറിസം ബസുകൾ
തിരുവനന്തപുരം: ബഡ്ജറ്റ് ടൂറിസം എന്ന പേരിൽ കെ.എസ്.ആർ.ടി.സി നിരത്തിൽ ഇറക്കുന്ന പകുതി ബസുകളുടെയും പ്രായം 15 മുതൽ 20 വരെ. ഇതിനാൽ സഞ്ചാരികളുമായി പോകുന്ന ബസുകൾ വഴിയിലാകുന്ന സ്ഥിതി പതിവാണ്. അതേസമയം,ചെലവൊക്കെ കഴിഞ്ഞ് 25ശതമാനത്തിലേറെ വരുമാനമാണ് ബഡ്‌ജറ്റ് ടൂറിസം സർവീസുകൾകളിൽ നിന്ന് ലഭിക്കുന്നത്.
പുതിയ ബസുകൾ കിട്ടുന്നതുവരെ നല്ല കണ്ടീഷൻ ബസുകൾ ബഡ്‌ജറ്റ് ടൂറിസത്തിന് വേണമെന്ന് മാനേജ്മെന്റിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ 17ന് ഗവി സന്ദർശിക്കാനെത്തിയ 35 വിനോദസഞ്ചാരികൾ ബസ് കേടായതിനെ തുടർന്ന് 5 മണിക്കൂറാണ് വനത്തിൽ കുടുങ്ങിയത്. പത്തനംതിട്ട ഡിപ്പോയിൽനിന്ന് പകരം ബസ് എത്തിച്ചെങ്കിലും അതും കേടായി. ജനുവരി 5നും ഗവിയിലേക്ക് പോയ ബസ് കേടായിരുന്നു.
മാവേലിക്കരയിൽ നിന്ന് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തഞ്ചാവൂർ,മധുര എന്നിവിടങ്ങളിൽ സന്ദർശനം നടത്തി തിരികെവന്ന സംഘം പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് നാലു പേർ മരിച്ചത് കഴിഞ്ഞ ജനുവരി 6നാണ്.
പ്രത്യേക ബസുകളിയില്ല
2021 നവംബറിൽ കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസം ആരംഭിച്ചത്. മറ്റ് ടൂറിസ്റ്റ് ബസുകളെ അപേക്ഷിച്ച് സൗകര്യം കുറവാണെങ്കിലും മലയാളികൾക്കെന്നും 'ആനവണ്ടി'യാത്ര ഹരമാണ്. വരുമാനക്കൂടുതൽ ലഭിച്ചിട്ടും പ്രത്യേക ബസുകൾ ബഡ്ജറ്റ് ടൂറിസത്തിനായി നീക്കിവച്ചില്ല. ഡിപ്പോയിലുള്ള ഏതെങ്കിലും ബസിൽ രണ്ട് റിബണും ബലൂണുമൊക്കെ കെട്ടി സർവീസ് നടത്തും!
2021 നവംബർ മുതൽ 2025 ഫെബ്രുവരിവരെ ബഡ്ജറ്റ് ടൂറിസത്തിലൂടെ ലഭിച്ചത് 64.98 കോടി
ഏപ്രിൽ,മേയ് മാസങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് 10കോടി
വർഷം മൂന്നരലക്ഷം വിനോദസഞ്ചാരികൾ
52 വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കുറഞ്ഞചെലവിൽ യാത്രകൾ