യു.ഡി.എഫ് പ്രവേശനം കടുപ്പിച്ച് അൻവർ,​ നിഷേധിച്ചാൽ സ്വതന്ത്രൻ

Monday 21 April 2025 12:06 AM IST

മലപ്പുറം: തൃണമൂൽ കോൺഗ്രസിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ മൂന്നു ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ നിലമ്പൂർ‌ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പി.വി. അൻവറിന്റെ ഭീഷണി കോൺഗ്രസിന് വിനയായി. ഉപതിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനം സാദ്ധ്യമായില്ലെങ്കിൽ അക്കാര്യം അടഞ്ഞ അദ്ധ്യായമാവുമെന്നും തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാവുമെന്നും ആശങ്കയുള്ളതുകൊണ്ടാണ് അൻവറിന്റെ കടുംപിടിത്തം.

23ന് നിലമ്പൂരിൽ തൃണമൂലിന്റെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് തുടർനീക്കങ്ങൾ പ്രഖ്യാപിക്കും. യു.ഡ‌ി.എഫ് പ്രവേശനം സാദ്ധ്യമായില്ലെങ്കിൽ താൻ തന്നെ മത്സരിച്ചേക്കുമെന്നും അൻവർ സൂചന നൽകിയിട്ടുണ്ട്. ഇന്നലെ തൃണമൂലിന്റെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചെങ്കിലും കോൺഗ്രസിന്റെ അഭ്യർത്ഥന പ്രകാരം മാറ്റുകയായിരുന്നു. അൻവർ നിരുപാധിക പിന്തുണ നൽകി ശക്തി തെളിയിക്കണമെന്നാണ് കോൺഗ്രസ് നിലപാട്. അത് അംഗീകരിക്കില്ല. മുന്നണി പ്രവേശനത്തിന് രണ്ടു മാസം മുമ്പ് അൻവർ കത്ത് നൽകിയിരുന്നു.

നിലമ്പൂർ സീറ്റിനായി ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഉറച്ചുനിൽക്കുകയാണ്. ഇരുവർക്കുമായി ക്രിസ്ത്യൻ, മുസ്‌ലിം സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ജോയിയെ മത്സരിപ്പിക്കണമെന്നാണ് അൻവറിന്റെ ആവശ്യം. മുന്നണി പ്രവേശനം സാദ്ധ്യമായാൽ ആര് സ്ഥാനാർത്ഥി ആയാലും അംഗീകരിക്കുമെന്ന് അൻവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ചേരിതിരിവ് ഒഴിവാക്കാൻ മൂന്നാമൻ?

കഴിഞ്ഞ തവണ 2,000ത്തോളം വോട്ടിനാണ് മണ്ഡലം കൈവിട്ടത്. ജോയിയെയും ഷൗക്കത്തിനെയും മാറ്റിനിറുത്തി പൊതുസ്വീകാര്യനായ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാനും കോൺഗ്രസിൽ ആലോചനയുണ്ട്. ജോയിയുടെയും ഷൗക്കത്തിന്റെയും പേരിലുള്ള ചേരിതിരിവ് ഒഴിവാക്കാനും അൻവറിന്റെ വിലപേശൽ ശക്തി കുറയ്ക്കാനും അതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂരിൽ വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഇന്നലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല രംഗത്തെത്തി.

അൻവറിനോട്

ലീഗിനും അതൃപ്തി

അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ തുടക്കത്തിൽ മൃദുസമീപനം പുലർത്തിയ മുസ്‌‌ലിം ലീഗ് സ്വരം മാറ്റിയിട്ടുണ്ട്. നിലമ്പൂരിൽ അൻവറിന് പ്രസക്തിയില്ലെന്ന് ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് പറഞ്ഞു. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അൻവറല്ല. ആരുടെയും ഭീഷണിക്ക് കോൺഗ്രസ് വഴങ്ങരുത്. ആര് സ്ഥാനാർത്ഥിയായാലും ലീഗ് പിന്തുണയ്ക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് വവാബ് പറഞ്ഞു.

ചർച്ച പൂർത്തിയായില്ല: ഷൗക്കത്ത്

നിലമ്പൂരിൽ ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ആരെ പ്രഖ്യാപിച്ചാലും വിജയിപ്പിക്കും. സ്ഥാനാർത്ഥി ചർച്ചകളൊന്നും കോൺഗ്രസ് നേതൃത്വം പൂർത്തിയാക്കിയിട്ടില്ല. മരിക്കുമ്പോൾ കോൺഗ്രസിന്റെ ത്രിവർണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹം. പിതാവ് ആര്യാടൻ മുഹമ്മദ് മരിക്കുന്നതിന് തൊട്ടുമുമ്പ് തന്നോട് ആവശ്യപ്പെട്ടതും ഇതാണ്.