വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴിയെടുക്കണം; ഇഡി കോടതിയിൽ അപേക്ഷ നൽകി

Monday 21 April 2025 11:59 AM IST

തിരുവനന്തപുരം: സി എം ആർ എൽ - എക്‌സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴിയെടുക്കുന്നതിൽ അനുമതി തേടി ഇ ഡി അപേക്ഷ നൽകി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രം കൊച്ചിയിലെ വിചാരണക്കോടതി അടുത്തിടെ അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെ കോടതിയിൽ അപേക്ഷ നൽകി ഇ ഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പഠിച്ച ശേഷമാണ് വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നൽകിയത്.


യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സി എം ആർ എല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്‌ എഫ്‌ ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയത്. വീണ അടക്കമുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയും സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ കർത്തയും ഉൾപ്പെടെ 13 പേരാണ് കേസിലെ പ്രതികൾ. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്‌ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കമ്പനി വകമാറ്റി നൽകിയെന്നാണ് കണ്ടെത്തൽ. ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തിൽ വകമാറ്റി നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.