ഐ ബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിനെതിരെ കടുത്ത നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ടു ​

Monday 21 April 2025 6:48 PM IST

തിരുവനന്തപുരം : ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിനെതിരെ കടുത്ത നടപടി. സുകാന്തിനെ ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ പ്രതിയായതിനെ കുറിച്ച് പൊലീസ് ഇന്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് ഐ,​ബിയുടെ നടപടി.

ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുകാന്തിന്റെ പങ്ക് പുറത്തുവന്നശേഷം കുടുംബം ഒളിവിലാണ്. കഴിഞ്ഞ ദിവസം സുകാന്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു,​ കോടതി ഉത്തരവുമായി എത്തിയ പൊലീസ് പൂട്ട് പൊളിച്ചാണ് അകത്തു കയറിയത്. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന രണ്ടര മണിക്കൂറോളം നീണ്ടു. ഒരു ഹാർഡ് ഡിസ്‌കും രണ്ട് ബാങ്ക് പാസ് ബുക്കുകളും പൊലീസ് കൊണ്ടു പോയി. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ എസ്.ഐ ബാലുവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർ അൻസാർ, ചങ്ങരംകുളം സ്റ്റേഷനിലെ എസ്.സി.പി.ഒ സബീഷ് എന്നിവരടങ്ങുന്ന മൂന്നംഗ സംഘം വാർഡ് മെമ്പർ ഇ.എസ്. സുകുമാരന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി ചെയ്തിറങ്ങിയ ശേഷമാണ് ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി മരിക്കുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്. െപൺകുട്ടി ഗ‌ർഭച്ഛിദ്രം നടത്തിയതിന്റെ തെളിവുകളും ഇവർ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഉൾപ്പെടെ പൊലീസിന് ലഭിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തിനോടാണ് ഐ.ബി ഉദ്യോഗസ്ഥ സംസാരിച്ചിരുന്നത്.