മായാതെ ആ പുഞ്ചിരിക്കുന്ന മുഖം: സ്വാമി ധർമ്മചൈതന്യ

Tuesday 22 April 2025 12:45 AM IST

ആലുവ: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ മുഖം മായാതെ മനസിൽ തെളിഞ്ഞു നിൽക്കുകയാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ വിളിച്ചുചേർത്ത സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൂന്ന് മാസം മുമ്പ് വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള കൂടിക്കാഴ്ചയുടെ ഓർമ്മ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ നയിച്ച 200 ഓളം വരുന്ന സംഘത്തിന് 30 മിനിറ്റാണ് മാർപാപ്പയുമായുള്ള സന്ദർശനത്തിന് അനുവദിച്ചിരുന്നത്. എന്നാൽ രണ്ട് മണിക്കൂറോളം നേരം ചെലവഴിച്ചതായി സ്വാമി പറയുന്നു. സാധാരണയായി വീൽചെയറിൽ സന്ദർശക മുറിയിലേക്ക് വരാറുള്ള മാർപാപ്പ ശിവഗിരി സംഘത്തെ കാണാനെത്തിയത് വീൽചെയർ ഒഴിവാക്കിയായിരുന്നു. എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ ഗുരുദേവ സന്ദേശങ്ങളെക്കുറിച്ചും ഗുരുദേവനെക്കുറിച്ചും മാർപാപ്പ വിവരിച്ചെന്നും സ്വാമി പറഞ്ഞു. എം.എൽ.എമാരായ ചാണ്ടി ഉമ്മനും ശ്രീനിജിനും സംഘത്തിലുണ്ടായിരുന്നു.