കപ്രിക്കാട്ടിലെ കുഞ്ഞതിഥിക്ക് സുഖം തന്നെ!
കൊച്ചി: പെറ്റമ്മയുടെ കരുതലും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും അന്യമായെങ്കിലും കപ്രിക്കാടിന്റെ കുഞ്ഞ് അതിഥി ആരോഗ്യവതിയെന്ന് വനംവകുപ്പ് അധികൃതർ. പിറന്നുവീണയുടൻ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് അകന്നുപോയ ആനക്കുട്ടിയെ രക്ഷിച്ചെടുക്കുകയെന്നത് ഏറെ ശ്രമകരമാണ്. അതുകൊണ്ടുതന്നെ വനംവകുപ്പ് അസി. വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി.ബാബുവിന്റെ നേതൃത്വത്തിൽ വളരെ കരുതലോടെയാണ് ആനക്കുട്ടിയെ പരിചരിക്കുന്നത്.
കരിക്കിൻവെള്ളവും ലാക്ടോജനും
കൃത്യമായ ഇടവേളകളിൽ കരിക്കിൻവെള്ളവും ലാക്ടോജനും മരുന്നുകളും നൽകുന്നുണ്ട്. കാറ്റും വെളിച്ചവും ക്രമീകരിച്ച് അണുവിമുക്തമാക്കി അടച്ചിട്ട മുറിയിൽ ചകിരിമെത്തയിലാണ് കിടപ്പ്. ഇടയ്ക്കിടെ എണീറ്റ് തുമ്പിക്കൈയും ചെവിയുമൊക്കെ ഇളക്കി പിച്ചവയ്ക്കും. ചുറ്റുപാടിലെ അപരിചിതത്വം അവളിൽ പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച പിറന്നുവീണയുടൻ അമ്മയിൽ നിന്ന് അകന്നുപോയ കുരുന്നിനെ അഭയാരണ്യത്തിന് സമീപത്തെ കലുങ്കിനിടയിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 7മുതിർന്ന ആനകളെയും നൂറുകണക്കിന് മാനുകളേയും പരിപാലിക്കുന്ന കപ്രിക്കാട് അഭയാരണ്യത്തിൽ ഇനിയും പേര് ഇടാത്ത കുട്ടിയാനയുടെ സാന്നിദ്ധ്യം എല്ലാ ജീവനക്കാർക്കും കൗതുകമായി.
കരുതലോടെ പരിചരണം
അണുബാധ ഒഴിവാക്കാൻ വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമാണ് ആനകുട്ടിയുമായി അടുത്ത് ഇടപഴകാൻ അവസരമുള്ളൂ. കപ്രിക്കാട് ആന ക്യാമ്പിലെ സ്ഥിരം പാപ്പാന്മാരായ കണ്ണനും പ്രണവുമാണ് പ്രധാന പരിചാരകർ. സാമൂഹ്യ വനവത്കരണ വിഭാഗം കൺസർവേറ്റർ ഇന്ദു വിജയൻ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. ഡെൽറ്റോ എന്നിവർ ഇന്നലെ അഭയാരണ്യത്തിലെത്തി ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.