സ്വർണക്കുതിപ്പ് തുടരുന്നു

Tuesday 22 April 2025 12:51 AM IST

പവൻ വില 72,120 രൂപയിൽ

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സ്വർണ വില റെക്കാഡ് പുതുക്കി കുതിക്കുന്നു. ഈസ്‌റ്റർ അവധിക്ക് ശേഷം വ്യാപാരം തുടങ്ങിയപ്പോൾ പവൻ വില 760 രൂപ വർദ്ധിച്ച് 72,120 രൂപയിലെത്തി. ഗ്രാമിന്റെ വില 95 രൂപ ഉയർന്ന് 9,015 രൂപയായി. രാജ്യാന്തര വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണ വില ഔൺസിന് 3,400 ഡോളർ കവിഞ്ഞു. 24 കാരറ്റ് സ്വർണത്തിന് കിലോയ്ക്ക് ഒരു കോടി രൂപയ്ക്ക് മുകളിലെത്തി. അമേരിക്കൻ ബോണ്ടുകളിലും ഡോളറിലും വിശ്വാസം കുറഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും ആഗോള ഫണ്ടുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. ഒരു വർഷത്തിനിടെ സ്വർണ വില 19,000 രൂപയിലധികം വർദ്ധിച്ചു.

മുന്നേറ്റം തുടർന്നേക്കും

ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ അയവില്ലാത്തതിനാൽ അടുത്തൊന്നും സ്വർണ വില കുറയാൻ ഇടയില്ല. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,500 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം. അതിനാൽ പവൻ വില താമസിയാതെ 74,000 രൂപയിലെത്തിയേക്കും. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉറപ്പാകുന്നതും സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നു.

ആഘോഷത്തിന് തിളക്കം കുറഞ്ഞേക്കും

തുടർച്ചയായി റെക്കാഡുകൾ പുതുക്കി കുതിക്കുന്ന സ്വർണ വില അക്ഷയതൃതീയ ദിനത്തിലും വിവാഹ സീസണിലും ഉപഭോക്താക്കൾക്ക് വെല്ലുവിളി സൃഷ്‌ടിക്കും. വിലക്കുതിപ്പിനിടെയിലും വാങ്ങൽ മെച്ചപ്പെടുമെന്നാണ് സ്വർണ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.