സ്വർണവില കുതിക്കുന്നു, ആഭരണങ്ങൾ ഇനി എടിഎം വഴി പണമായി മാറ്റാം, ട്രെൻഡിംഗായി ഗോൾഡ് എടിഎം
സ്വർണവിലയിൽ റെക്കാഡ് കുതിപ്പാണ് ഇന്നുണ്ടായത്. കേരളത്തിൽ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റലും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വിപണിയിൽ കച്ചവടം നടന്നത്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 72,120 രൂപയായിരുന്നു ഇന്നത്തെ വില. സ്വർണ വില വർദ്ധിച്ചതോടെ വാങ്ങുന്നതിനെക്കളും വിൽക്കാനാണ് പലരും ശ്രമിക്കുന്നത്. പഴയ സ്വർണം വിൽക്കുമ്പോൾ പവന് അനുസരിച്ചുള്ള ഇന്നത്തെ വില ലഭിക്കാനും പ്രയാസമാണ്. സ്വർണ വില കുറയുമെന്ന പേടിയിൽ പല ജുവലറികളും സ്വർണം എടുക്കാനും മടി കാണിക്കാറുണ്ട്.
എന്നാൽ നമ്മുടെ കൈയിലുള്ള സ്വർണം എ.ടി.എമ്മിൽ നിക്ഷേപിച്ച് പണമാക്കി മാറ്റാൻ കഴിഞ്ഞാലോ. അത്തരമൊരു എ.ടി.എമ്മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് . ചൈനയിലാണ് ഇത്തരം എ.ടി.എമ്മുകൾ ജനപ്രിയമായിരിക്കുന്നത്. ഷാങ്ഹായിലെ തിരക്കേറിയ മാളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗോൾഡ് എ.ടി,.എം പരമ്പരാഗത ജുവലറികൾക്ക് ബദൽ എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. സ്വർണത്തിന്റെ പരിശുദ്ധി തത്സമയം പരിശോധിച്ച് തത്സമയ വിലനിർണയം നടത്തി അപ്പോൾ തന്നെ പണം നൽകുന്നതിനാൽ ഗോൾഡ് എ.ടി,എമ്മുകൾ പെട്ടെന്ന് തന്നെ ജനം ഏറ്റെടുത്തു കഴിഞ്ഞു.
ഗോൾഡ് എ.ടി.എമ്മിൽ സ്വർണം നിക്ഷേപിച്ചു കഴിഞ്ഞാൽ ആദ്യം മെഷീൻ സ്വർണത്തിന്റെ പരിശുദ്ധിയും ഭാരവും അളക്കും. തുടർന്ന് 1200 ഡിഗ്രി സെൽഷ്യസിൽ സ്വർണം ഉരുക്കുന്നു. അതിന് ശേഷം മെഷീൻ ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ചിന്റെ തത്സമയ നിരക്കിനെ അടിസ്ഥാനമാക്കി വില കണക്കാക്കുന്നു. കുറഞ്ഞ സർവീസ് ചാർജ് ഈടാക്കി കൊണ്ട് ബാക്കി തുക ഉടമകൾക്ക് നൽകുകയാണ് ചെയ്യുന്നത്. ഷെൻഷെൻ ആസ്ഥാനമായ കിംഗ്ഹുഡ് ഗ്രൂപ്പാണ് ഈ എ.ടി.എം വികസിപ്പിച്ചെടുത്തത്. ചൈനയിലെ നൂറോളം നഗരങ്ങളിൽ എ.ടി.എം ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു, എ..ടി.എം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ചൈനയുടെ ചുവട് പിടിച്ച് കൂടുതൽ രാജ്യങ്ങൾ ഗോൾഡ് എ.ടി.എം വിപണിയിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോർട്ടുകൾ.