വിടവാങ്ങിയത് ലോക സ്നേഹനിധി
കൊച്ചി: മാനവസ്‌നേഹത്തിന്റെ നിറകുടവും പാവങ്ങളോടും വേദനിക്കുന്നവരോടും കാരുണ്യം പുലർത്തിയും ലളിതമായ ജീവിതം കൊണ്ടും ലോകത്തിന്റെ മനം കവർന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗം കൊച്ചിക്കും നൊമ്പരമായി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ആദരവ് അർപ്പിച്ചു.
സിറോ മലബാർ സഭയിലെ മുഴുവൻ ആഘോഷങ്ങളും റദ്ദാക്കാൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അറിയിച്ചു. ഒഴിവാക്കാനാകാത്ത ചടങ്ങുകൾ മാത്രം നടത്താവൂവെന്ന് അദ്ദേഹം നിർദ്ദേശിച്ചു. യാക്കോബായ സുറിയാനി സഭ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
സ്വതസിദ്ധമായ ശൈലിയിലും പ്രാർത്ഥനാജീവിതത്തിലൂടെയും ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നക്ഷത്രമായിരുന്നു അദ്ദേഹമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. മൂന്ന് വർഷം അദ്ദേഹത്തിനൊപ്പം റോമിൽ ജോലി ചെയ്തത് മറക്കാൻ കഴിയാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. എളിമയുടെ ആൾരൂപമായിരുന്നു പാപ്പ. അനുകരിക്കാൻ കഴിയുന്ന ലളിത ജീവിതമായിരുന്നു പാപ്പ നയിച്ചിരുന്നത്. ചട്ടങ്ങൾക്കും ചടങ്ങുകൾക്കും അതീതനായ വ്യക്തിയായിരുന്നു. സഭയിൽ തന്റേതുമാത്രമായ അതിവിശുദ്ധ സ്ഥാനം ബാക്കിവച്ചാണ് അദ്ദേഹം മടങ്ങുന്നതെന്ന് ഡോ. കളത്തിപ്പറമ്പിൽ പറഞ്ഞു.
ഹൈബി ഈഡൻ എം.പി
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി നിലകൊണ്ട ആത്മീയ നേതാവായിരുന്നു അദ്ദേഹമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോൾ പുരോഗമന ആശയങ്ങൾക്ക് പിന്തുണ നൽകി. ലോക സമാധാനത്തിനും കുടിയേറ്റ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടോട് കൂടി രാഷ്ട്ര തലവന്മാരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ലോകസമൂഹം പൊതുസ്വീകാര്യനായി അംഗീകരിച്ച വ്യക്തിത്വമായിരുന്നു. ലോകത്തിന് വഴികാട്ടിയായ നല്ലിടയന്റെ വിയോഗം തീരാനഷ്ടമാണ്.
ടി.ജെ. വിനോദ് എം.എൽ.എ
സമകാലിക ലോകത്ത് ദയയുടെ മുഖമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ദരിദ്രരുടെ പടിക്കൽ ഇടംപിടിച്ച വലിയ ഇടയൻ, പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിലകൊണ്ട പോരാളി, സമൂഹങ്ങളേയും മതങ്ങളേയും ബന്ധിപ്പിക്കാൻ ആഗ്രഹിച്ച ഏകത്വത്തിന്റെ ദൂതൻ. ഇതാണ് ഫ്രാൻസിസ് മാർപ്പാപ്പ. ലളിതമായ ജീവിതമൊഴിയിലൂടെയും മനുഷ്യരുടെ കണ്ണിൽ നോക്കി സംസാരിച്ച അദ്ദേഹം ലോകമാകെ ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു.
നാഷണലിസ്റ്റ് കേരള കോൺഗ്രസ്
ലാളിത്യത്തിന്റെ പ്രതീകവും മതസാഹോദര്യത്തിന്റെ വ്യക്താവും വേദനിക്കുന്നവരുടെ സുഹൃത്തുമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പായെന്ന് എൻ.ഡി.എ വൈസ് ചെയർമാനും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ലത്തീൻ മെത്രാൻ സമിതി
വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നെന്ന് കേരള ലത്തീൻ മെത്രാൻ സമിതി അനുസ്മരിച്ചു. ലളിതമായ ജീവിതശൈലിയും സാധാരണക്കാരോടുള്ള പ്രതിബദ്ധതയും ജനങ്ങളുടെ ഹൃദയം കവർന്നു. അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തി. 'ദരിദ്രരുടെ പാപ്പ' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ മനുഷ്യരാശിയുടെയും വലിയ നഷ്ടമാണെന്ന് സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.