ആത്മീയ ശക്തിയുടെ വിശുദ്ധ വെളിച്ചം, ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി

Tuesday 22 April 2025 12:00 AM IST

ന്യൂഡൽഹി: അനുകമ്പയുടെയും എളിമയുടെയും ആത്മീയശക്തിയുടെയും വെളിച്ചമാണ് വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. വേദനയുടെയും സ്മരണകളുടെയും ഈ വേളയിൽ, ആഗോള കത്തോലിക്കാസമൂഹത്തെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങൾ കാരുണ്യത്തിന്റെയും എളിമയുടെയും ആത്മീയശക്തിയുടെയും വെളിച്ചമായി ഫ്രാൻസിസ് മാർപാപ്പയെ എല്ലായ്പോഴും സ്മരിക്കും. ചെറുപ്പംമുതൽ, യേശുക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവർക്കായി പ്രത്യാശയുടെ ചൈതന്യത്തിനു തിരിതെളിച്ചു.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചകൾ ഞാൻ സ്നേഹപൂർവം ഓർക്കുന്നു. സമഗ്രവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധത ഏറെ പ്രചോദിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എല്ലായ്പോഴും സ്നേഹപൂർവം സ്മരിക്കപ്പെടും. ദൈവത്തിന്റെ ആലിംഗനത്താൽ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.