ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്ര് നൂറിലേറി പ്രണവ്
ആദ്യദിനം രണ്ട് മീറ്റ് റെക്കാഡ്
കൊച്ചി: പുരുഷവിഭാഗം 100 മീറ്ററിൽ ട്രാക്കിലെ അട്ടിമറിയും രണ്ട് മീറ്റ് റെക്കാഡുമായി കൊച്ചി മഹാരാജാസ് സിന്തറ്റിക് ട്രാക്കിൽ 28-ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിന്റെ ആദ്യദിനം. ഒരു ഒരുപിടി താരങ്ങൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതമാർക്കും മറികടന്നു. പുരുഷ വിഭാഗം 10,000 മീറ്ററിലും നൂറ് മീറ്ററിലുമാണ് മീറ്റ് റെക്കോഡ് പിറന്നത്.
നൂറുമീറ്ററിൽ നിലവിലെ ദേശീയ റെക്കാഡുകാരൻ ഗുരീന്ദർവീർ സിംഗ് ഏറ്റവും പിന്നിലായപ്പോൾ സ്വർണം നേടിയത് റെയിൽവേയുടെ പ്രണവ് പ്രമോദ് ഗൗരവാണ്. എന്നാൽ 10.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പ്രണവിന് ഏഷ്യൻ യോഗ്യത ലഭിച്ചില്ല. ഈയിനത്തിൽ മീറ്റ് റെക്കാഡ് കുറിച്ച കർണാടകയുടെ മണികണ്ഠ ഹൊബ്ലിദാറിന് ഫൈനലിൽ മൂന്നാമനാകേണ്ടിവന്നു.10.25 സെക്കൻഡിൽ സെമിയിൽ ഓടിയെത്തിയാണ് മണികണ്ഠ മീറ്റ് റെക്കാഡിന് ഉടമയായത്. കഴിഞ്ഞ മാസം 28ന് ബെംഗളുരുവിൽ 10.20 സെക്കൻഡിൽ ഓടിയെത്തി ദേശീയ റെക്കാഡിട്ട ഗുരീന്ദർവീർ ഇന്നലെ 11.21 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. വനികളുടെ 100 മീറ്ററിൽ തെലങ്കാനയുടെ നിത്യ ഗാന്ധേ 11.50 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടി.
മീറ്റിലെ ആദ്യ ഇനമായ 10,000 മീറ്ററിൽ ആർമിയുടെ സാവൻ ബർവാൾ 28:57.13 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ടിക്കറ്റും സ്വന്തമാക്കി. 18 വർഷം മുമ്പ് കൊൽക്കത്തയിൽ സുരേന്ദ്ര സിംഗ് സ്ഥാപിച്ച 28:57.90 സമയമാണ് മൈക്രോ സെക്കൻഡ് വ്യത്യാസത്തിൽ പതിനായിരം മീറ്ററിൽ സാവൻ ബർവാൾ മറികടന്നത്. വനിതാ വിഭാഗത്തിൽ സ്വർണം (33:44.33) നേടിയ സഞ്ജീവനി ബാബുറാവുവിന് ഏഷ്യൻ യോഗ്യത മാർക്കിന് അടുത്തെത്താനായില്ല.
അഞ്ചാം ശ്രമത്തിൽ ജാവലിൻ 83.86 മീറ്റർ പായിച്ച് ഉത്തർപ്രദേശിന്റെ സച്ചിൻ യാദവ് സ്വർണം നേടി. ഏഴു പേർ ഏഷ്യൻ യോഗ്യത മാർക്കായ 75.36 മീറ്റർ മറികടന്നു. പുരുഷവിഭാഗം 400 മീറ്ററിൽ മലയാളി താരങ്ങളായ റിൻസി ജോസഫ്, മനു ടി.എസ്, അമോജ് ജേക്കബ് എന്നിവർ ഫൈനലിന് യോഗ്യത നേടി. വനിതാവിഭാഗത്തിൽ ഉത്തർപ്രദേശിന്റെ റുപാലുമാണ് (52.65) ഹീറ്റ്‌സിൽ മികച്ച സമയം കുറിച്ചത്. റുപാലിനൊപ്പം തമിഴ്‌നാടിന്റെ വിത്യാ രാംരാജ്, ഗുജറാത്തിന്റെ ദേവ്യനിബ മഹേന്ദ്രദാസ്, മലയാളി താരം ജിസ്‌ന മാത്യു എന്നിവർ ഏഷ്യൻ യോഗ്യത (53.80) മറികടന്നിട്ടുണ്ട്. ഇന്നാണ് ഫൈനലുകൾ.
1500 വനിതാവിഭാഗത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരും, പുരുഷ വിഭാഗത്തിൽ ഒരാളും ഏഷ്യൻ യോഗ്യത പിന്നിട്ടു. വനിതകളുടെ 1500ൽ ഉത്തരാഖണ്ഡിന്റെ ലില്ലി ദാസും (4:10.88) ഹരിയാനയുടെ പൂജയുമാണ് (4:12.56) സ്വർണവും വെള്ളിയും നേടിയത്. പുരുഷ വിഭാഗത്തിൽ ഹരിയാന താരം യൂനൂഷ് ഷാ സ്വർണം നേടി (4:10.88). ഇന്നലെ അഞ്ചിനങ്ങളിലായി 17 താരങ്ങളാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മറികടന്നത്. ഇന്ന് 10ഇനങ്ങളിലാണ് ഫൈനൽ.