വയനാട്: എൽസ്റ്റോൺ എസ്റ്റേറ്റിന്റെ ഹർജി തള്ളി

Tuesday 22 April 2025 1:17 AM IST

ന്യൂഡൽഹി: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത് വിലക്കണമെന്ന എൽസ്റ്റോൺ ടീ എസ്റ്റേറ്റിന്റെ ഹർജി സുപ്രീംകോടതി തള്ളി. മുഴുവൻ നഷ്‌ടപരിഹാരവും ലഭിക്കുംവരെ സംസ്ഥാന സർക്കാരിന്റെ ഏറ്റെടുക്കൽ നടപടി തടയണമെന്നായിരുന്നു ആവശ്യം. ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി ഏറ്റെടുക്കൽ നടപടികൾക്ക് സർക്കാർ തുടക്കമിട്ടിരുന്നു.

എന്നാൽ, ഹൈക്കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമാണെന്നും ഡിവിഷൻ ബെഞ്ചിനെ തന്നെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിന്റെ എതിർപ്പും കോടതി പരിഗണിച്ചു. നഷ്‌ടപരിഹാരം ഉയർത്തണമെന്ന ആവശ്യത്തിൽ ഇടപെടാനും ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല.

എസ്റ്റേറ്റ് ഏറ്റെടുക്കൽ തീരുമാനം അംഗീകരിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. എസ്റ്റേറ്റിന്റെ 78.73 ഹെക്‌ടർ ഭൂമിയാണ് ഏറ്രെടുക്കുന്നത്. സർക്കാർ വിലയിരുത്തിയ 26.56 കോടി നഷ്‌ടപരിഹാരം അപര്യാപ്‌തമാണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിന്റെ വാദം. 1063 കോടി അനുവദിക്കണമെന്നാണ് ആവശ്യം.