ആശാവർക്കർമാർക്ക് അധിക വേതനം പ്രഖ്യാപിച്ച് ചവറ ഗ്രാമപഞ്ചായത്ത്
ചവറ: ആശാവർക്കർമാർക്ക് അധിക വേതനമായി 2000 രൂപ പ്രഖ്യാപിച്ച് പിന്തുണയുമായി യു.ഡി.എഫ് ഭരിക്കുന്ന ചവറ ഗ്രാമപഞ്ചായത്ത്. നിലവിൽ ആശാവർക്കർമാർക്ക് 7000 രൂപയാണ് ഓണറേറിയമായി നൽകുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കൂടി നടപ്പിലായാൽ ആശാവർക്കർമാർക്ക് അധിക വേതനമായ 2000രൂപ ഉൾപ്പെടെ 9000 രൂപ ഓണറേറിയമായി ലഭിക്കും. നിലവിൽ 38 ആശാവർക്കർമാരാണ് ചവറ ഗ്രാമപഞ്ചായത്തിലുള്ളത്.പഞ്ചായത്തിലെ ആശാവർക്കർമാർ കൊവിഡ് കാലത്തും തുടർന്നും ആരോഗ്യ മേഖലക്ക് നൽകിയ നിസ്തുലമായ സേവനം കണക്കിലെടുത്തും വളരെ തുച്ഛമായ വരുമാനം മാത്രം ഉള്ള ഇവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് തനത് ഫണ്ടിൽ നിന്ന് സഹായം നൽകുവാൻ പഞ്ചായത്ത് കമ്മിറ്റി ഈ തീരുമാനം എടുത്തത്. തനത് ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ അനുമതി തേടി പഞ്ചായത്ത് സർക്കാരിനെ സമീപിച്ച് കഴിഞ്ഞു. അനുമതി ലഭിക്കുന്ന മുറയ്ക്ക് സഹായം നൽകാനാണ് പഞ്ചായത്ത് തീരുമാനം.സർക്കാർ തീരുമാനം പ്രതികൂലമായാൽ യു.ഡി.എഫ് ഇത് രാഷ്ട്രീയ ആയുധമാക്കും.