 എൽ.പി അദ്ധ്യാപക റാങ്ക് ലിസ്റ്റ്:..... 40 ശതമാനം നിയമനം മാത്രം

Tuesday 22 April 2025 1:59 AM IST

തിരുവനന്തപുരം: കാലാവധി കഴിയാറായ എൽ.പി അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ നടന്നത് 40 ശതമാനം നിയമനം മാത്രം. മേയ് 30ന് റാങ്ക് ലിസ്റ്റ് റദ്ദാകും. 11,602 പേരുള്ള ലിസ്റ്റിൽ 4690 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. മുമ്പ് 6294 പേർക്കാണ് നിയമനം ലഭിച്ചിരുന്നത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനത്തിന് തിരിച്ചടിയായതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. കുട്ടികളുടെ കണക്കെടുപ്പിനു ശേഷം സ്‌കൂളുകളിൽ 2,325 തസ്‌തിക സൃഷ്ടിച്ച് ഉത്തരവിറക്കിയെങ്കിലും പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്തില്ല. പുതിയ റാങ്ക് ലിസ്റ്റ് മേയ് 31നോ ജൂൺ ആദ്യവാരമോ പ്രസിദ്ധീകരിക്കും. ഇതിനായി ജില്ലാ ഓഫീസുകളിൽ ഇന്റർവ്യൂ പൂർത്തിയായി. അഭിമുഖത്തിനുള്ള മാർക്കും ഒ.എം.ആർ പരീക്ഷയിലെ മാർക്കും ചേർത്ത് ജില്ലാതല റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയാണ്.

അദ്ധ്യാപകരുടെ വിരമിക്കൽ മേയ് 31നാണ്. അതിനാൽ പുതിയ ലിസ്റ്റിലുൾപ്പെട്ടവർക്കാകും ഇതിന്റെ ആനുകൂല്യം ലഭിക്കുക. നിലവിലെ റാങ്ക് ലിസ്റ്റ് 2022 മേയ് 31നാണ് നിലവിൽ വന്നത്. മലപ്പുറത്താണ് കൂടുതൽ നിയമനശുപാർശ നടന്നത് 1162. കുറവ് വയനാട്ടിലും- 92 എണ്ണം.