സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം ഇന്ന്
കൊല്ലം: പുതിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ സി.പി.എം ജില്ലാകമ്മിറ്റി യോഗം ഇന്ന് ചേരും. 12 അംഗ സെക്രട്ടേറിയറ്റിൽ വനിതാ അംഗത്തിന്റേതടക്കം രണ്ട് ഒഴിവുകളുണ്ട്. കഴിഞ്ഞ സെക്രട്ടറിയേറ്റിലുള്ള ആരെയെങ്കിലുമൊക്കെ ഒഴിവാക്കിയാൽ മാത്രമേ പുതിയ കൂടുതൽ പേർക്ക് അവസരം ലഭിക്കൂ.
ജില്ലയിൽ നിന്ന് കൂടുതൽ പേരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് ജില്ലാ സെക്രട്ടേറിയറ്റിൽ പുതുമുഖങ്ങളുടെ പ്രവേശനത്തിന് തടസമായി നിൽക്കുന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റിയ സി. രാധാമണിയുടെ ഒഴിവുണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്. ജയമോഹൻ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് മാറിയേക്കും. ഇതിന് പുറമേ കഴിഞ്ഞ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഒരാളെയെങ്കിലും ഒഴിവാക്കാൻ സാദ്ധ്യതയുണ്ട്. സി. രാധാമണിയുടെ ഒഴിവിൽ മുൻ മേയർ പ്രസന്ന ഏണസ്റ്റോ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സബിദാ ബീഗമോ എത്തും.
പിന്നീട് ഒഴിവനുസരിച്ച് മുൻ ഏരിയ സെക്രട്ടറിമാരായ കെ. സേതുമാധവൻ, എൻ. സന്തോഷ്, എൻ. ജഗദീശൻ, എസ്.എൽ. സജികുമാർ, എ.എം. ഇക്ബാൽ, പി.ബി. സത്യദേവൻ, എം.എ. രാജഗോപാൽ എന്നിവരിൽ ആരെങ്കിലും പരിഗണിക്കപ്പെടാനാണ് സാദ്ധ്യത. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിയിലെ സീനിയോറിട്ടി മാനദണ്ഡമാക്കുമെന്നാണ് സൂചന. സെക്രട്ടേറിയേറ്റിലെ അംഗസംഖ്യ വർദ്ധിപ്പിക്കില്ല. ഇന്ന് വൈകിട്ട് 3ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്താണ് യോഗം നടക്കുന്നത്.