ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്ക് എതിരെവന്ന ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊച്ചി കോട്ടുവള്ളി- പറവൂർ റോഡിൽ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപത്തായിരുന്നു സംഭവം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
വരാപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ കെ എസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂർ മുത്തോലി ജോയൽ ജോയ് എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടർന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തുമ്പോൾ റോഡിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവാക്കൾ. തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽപ്പെട്ട ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റുന്നതിനിടെ സ്‌കൂട്ടർ മതിലിൽ ഇടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റു. നോർത്ത് പറവൂർ കിഴക്കേപ്രം പഴൂപറമ്പത്ത് അർജുൻ സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. അപകടത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ആർ സി ബുക്കിൽ നിന്നാണ് മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചത്.