ഇത് കൃഷി ചെയ്‌താൽ വീട്ടിൽ ഐശ്വര്യം വരും; കൂടാതെ കിലോയ്‌ക്ക് മൂന്ന് ലക്ഷം വച്ച് പോക്കറ്റിലാക്കാം

Tuesday 22 April 2025 11:06 AM IST

വടക്കഞ്ചേരി: മഞ്ഞളിലെ രാജാവ് എന്ന വിളിപ്പേരുള്ള അപൂർവ ഇനമായ വാടാർ മഞ്ഞളിന്റെ വില കേട്ടാൽ ആരും ഒന്ന് ഞെട്ടും. മൂന്നു വർഷം മണ്ണിൽ കിടന്നാൽ കിലോക്ക് ഒരു ലക്ഷവും അഞ്ചു വർഷം പഴക്കമുള്ളതിന് മൂന്ന് ലക്ഷം രൂപയുമാണ് വിലയെന്ന് വടക്കഞ്ചേരിയിലെ മലഞ്ചരക്ക് വ്യാപാരി എൽദോ സ്വന്തം വീട്ടിൽ നാട്ടുവളർത്തിയ വാടാ മഞ്ഞൾ ചൂണ്ടിക്കാട്ടി പറയുന്നു.

കരിമഞ്ഞളിലെ ഏറ്റവും മുന്തിയ ഇനമായ വാടാർ മഞ്ഞൾ ആണ് വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ കൊല്ലംകുടിയിൽ എൽദോ കൃഷിചെയ്ത് വിജയിപ്പിച്ചിരിക്കുന്നത്. വിത്തുനട്ട് നാലോ അഞ്ചോ വർഷം കഴിഞ്ഞ് പറിച്ചെടുക്കുന്ന വാടാർ മഞ്ഞളിനാണ് വിലയും ഗുണവും കൂടുതൽ. പച്ചയ്ക്ക് തന്നെ ഇതിന് കിലോക്ക് 30000 രൂപ വിലയുണ്ട്.

പൂജാകർമങ്ങൾക്കും ഔഷധ മരുന്നു കൂട്ടുകൾക്കുമായാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. വാടാർമഞ്ഞളിന്റെ ഒരു കിലോ വിത്തിനു തന്നെ പതിനായിരത്തോളം രൂപ വിലയുണ്ടെന്ന് പറയുന്നു. ഓൺലൈൻ വിപണിയാണ് ഇതിനുള്ളത്.

മഞ്ഞൾ മുറിച്ചാൽ നീല നിറം

ഇലകളുടെ നടുക്ക് കറുത്ത വരകളാണ് കരിമഞ്ഞളിന്റെ പ്രധാന ലക്ഷണം. മഞ്ഞൾ മുറിച്ചാൽ മഞ്ഞക്കളറിനു പകരം കറുപ്പ് കലർന്ന നീല നിറമാണെന്നതും ഇതിന്റെ സവിശേഷതയാണ്. വടാർ മഞ്ഞൾ വീട്ടിലുണ്ടെങ്കിൽ ധനം, 'ഐശ്വര്യം എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം. മലഞ്ചരക്ക് ഇനങ്ങളിൽ ഇക്കുറി സാധാരണ ഉണക്കമഞ്ഞൾ വില നന്നേ കുറവായിരുന്നുവെന്ന് എൽദോ പറഞ്ഞു. കിലോയ്ക്ക് 180 രൂപയാണ് വില. കഴിഞ്ഞവർഷം ഇത് 230 രൂപ വരെ ഉണ്ടായിരുന്നു.

ചുക്ക് വിലയും കർഷകർക്ക് താങ്ങായില്ല. കിലോക്ക് 250 രൂപയായി. കർണാടകയിൽ ഇഞ്ചികൃഷി വ്യാപകമായതാണ് ചുക്കുവില ഇടിയാൻ കാരണമായത്. തമിഴ്നാട്ടിൽ നിന്നുള്ള കപ്പ വരവ് വർധിച്ചതോടെ വാട്ടുകപ്പവിലയും കുറഞ്ഞു. കിലോയ്ക്ക് 60 രൂപയായി.