പിടിതരാതെ സ്വർണവില; സർവകാല റെക്കാർഡ്, ഇന്ന് പവന് 74,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുതിച്ചുയർന്നു. ഇന്ന് പവന് 2200 രൂപ വർദ്ധിച്ച് സ്വർണവില 74,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,320 രൂപയാണ്.
അന്താരാഷ്‌ട്ര സ്വർണവില 3485 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.13ഉം ആണ്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്‌ക്ക് മുകളിലെത്തി. സമീപകാലത്ത് ഒരു ദിവസം കൂടുന്ന ഏറ്റവും വലിയ വിലവർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവർദ്ധനവാണ് അന്താരാഷ്‌ട്ര സ്വർണവിലയിൽ ഉണ്ടായത്. 3500 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9,290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7650 രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 109 രൂപയാണ്.
മുന്നേറ്റം തുടർന്നേക്കും
ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ അയവില്ലാത്തതിനാൽ അടുത്തൊന്നും സ്വർണ വില കുറയാൻ ഇടയില്ല. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,500 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉറപ്പാകുന്നതും സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നു.
ആഘോഷത്തിന് തിളക്കം കുറഞ്ഞേക്കും
തുടർച്ചയായി റെക്കാഡുകൾ പുതുക്കി കുതിക്കുന്ന സ്വർണ വില അക്ഷയതൃതീയ ദിനത്തിലും വിവാഹ സീസണിലും ഉപഭോക്താക്കൾക്ക് വെല്ലുവിളി സൃഷ്‌ടിക്കും. വിലക്കുതിപ്പിനിടെയിലും വാങ്ങൽ മെച്ചപ്പെടുമെന്നാണ് സ്വർണ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.