 ലോക പുസ്തകദിനം: ഫർദീൻ മബ്റൂഖി അറി‌ഞ്ഞ അക്ഷരങ്ങളിലെ കുഞ്ഞത്ഭുതം

Wednesday 23 April 2025 12:26 AM IST

ആലുവ: ആഴമേറിയ ചിന്തയും മൂർച്ചയേറിയ ചോദ്യങ്ങളും നിറയുന്ന കവിതകൾ രചിച്ച് ശ്രദ്ധേയനായ ചാലക്കൽ ദാറുസലാം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഫർദീൻ മബ്രൂഖിന്റെ കവിതാസമാഹാരം ലോക പുസ്തകദിനമായ ഇന്ന് പ്രകാശിപ്പിക്കും. ഇരുപതോളം കവിതകൾ രചിച്ചിട്ടുണ്ടെങ്കിലും ആദ്യ കവിതാസമാഹാരമാണ് 'സ്‌മോൾ വണ്ടേഴ്‌സ് ഇൻ വേർഡ്‌സ്'.

അഞ്ചാം വയസിലാണ് ഫർദീനിലെ എഴുത്തുകാരനെ രക്ഷിതാക്കൾ തിരിച്ചറിയുന്നത്. കുട്ടികളുടെ മാഗസിനിൽ വരുന്ന രചനകൾ വായിച്ച് അതിവേഗം വാക്കുകളിലൂടെ വാചകങ്ങൾ രൂപപ്പെടുത്തുന്നത് കണ്ടപ്പോൾ രക്ഷിതാക്കൾ പുസ്തകങ്ങൾ വാങ്ങി നൽകി.

ഏഴാം വയസിൽ ആദ്യ കവിത

ഏഴാം വയസിൽ ഫർദീന്റെ ആദ്യ കവിത പിറന്നു. പിന്നീട് നിരവധി കവിതകൾ ഫർദിന്റെ മനസിൽ നിന്ന് രൂപപ്പെട്ടു. സ്‌കൂളിലെ അദ്ധ്യാപകരും ലൈബ്രറിയുമെല്ലാം ഫർദീനിലെ എഴുത്തുകാരന് വെള്ളവും വളവുമായി. ക്ലാസിലെ ലൈബ്രറിയുടെ ചാർജ് ഫർദീനായിരുന്നു. അദ്ധ്യാപകരുടെ സ്വാധീനമില്ലാതെ ഫർദീൻ തന്റെ ചില സുഹൃത്തുക്കളെയും വായനക്കാരാക്കി മാറ്റിയെന്നും കളികൾക്കിടയിലും കുട്ടികൾ വിംപി കിഡും ഹാരി പോട്ടറുമെല്ലാം താത്പര്യത്തോടെ വായിക്കുന്നുണ്ടെന്ന് അദ്ധ്യാപകൻ സബീലു സലാം പറഞ്ഞു.

പ്രകാശനം ഇന്ന്

ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയുടെയും ദാറുസലാം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ദാറുസലാം സ്‌കൂളിൽ ബാലസാഹിത്യകാരൻ ശശിധരൻ കല്ലേരി ഫർദീന്റെ കവിതാ സമാഹാരം പ്രകാശിപ്പിക്കും. ബാലസാഹിത്യകാരിയും അവാർഡ് ജേതാവുമായ തസ്മിൻ ഷിഹാബാണ് സമാഹാരത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

ഡോക്ടർ അംബേദ്കർ സ്മാരക ലൈബ്രറി ബാലവേദി അംഗവും ചാലക്കൽ ദാറുസ്സലാം സ്‌കൂൾ വിദ്യാർത്ഥിയുമായ ഫർദീൻ സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.എ. ഫാരിസിന്റെയും ആദി ശങ്കര എൻജിനിയറിംഗ് കോളേജ് അസി. പ്രൊഫസർ സഫീനയുടെയും മകനാണ്. ഫർസീൻ മുബാറക്, ഫൈഹ മനാൽ എന്നിവർ സഹോദരങ്ങളാണ്.