കൂടൽമാണിക്യം കഴകം നിയമനം ഒരാഴ്ചത്തേക്ക് തടഞ്ഞു
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റെ നടപടി. ഇതോടെ, ലിസ്റ്റിലെ രണ്ടാമൂഴക്കാരനായ ഈഴവസമുദായാംഗം കെ.എസ്. അനുരാഗിന് ഉടൻ നിയമനം നൽകാനാകില്ല. ഹർജി 29ന് വീണ്ടും പരിഗണിക്കും.
കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ച തിരുവനന്തപുരം സ്വദേശി ബി.എ. ബാലു ഈഴവനായതിനാൽ ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ബഹിഷ്കരണ സമരം നടത്തിയതോടെയാണ് ഈ നിയമനം വിവാദമായത്. ബാലു രാജിവച്ച് ഒഴിഞ്ഞപ്പോഴാണ് ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചത്.
കഴകക്കാരെ നിശ്ചയിക്കാൻ റിക്രൂട്ട്മെന്റ് ബോർഡിന് ഏകപക്ഷീയമായ അധികാരമില്ലെന്ന് ഇന്നലെ തന്ത്രി കുടുംബം വാദിച്ചു. മാലകെട്ട് ആചാരത്തിന്റെ ഭാഗമായതിനാൽ മാലക്കഴകക്കാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ തന്ത്രിമാരുടെ പ്രതിനിധിയുണ്ടാകണമെന്നും ഇത് പാരമ്പര്യാവകാശമാണെന്നും ചൂണ്ടിക്കാട്ടി. കൂടൽമാണിക്യം ദേവസ്വം ഇതിനെ എതിർത്തു. വാർഷികോത്സവം നടക്കാനിരിക്കുന്നതിനാൽ കഴകം തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി.
ഹർജികളിൽ വിശദമായ വാദം നടക്കാനിരിക്കേ പുതിയ നിയമനം അനുചിതമാകുമെന്ന് കോടതി പറഞ്ഞു. തുടർന്ന് നിയമനം താത്കാലികമായി തടയുകയായിരുന്നു. രണ്ട് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തതും തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലല്ല. ഇതു സംബന്ധിച്ച് ദേവസ്വം എതിർസത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം സ്ഥിരപ്പെടുത്തരുതെന്ന ആവശ്യമടക്കം ഉന്നയിച്ച് പാരമ്പര്യ കഴകക്കാർ സമർപ്പിച്ച ഹർജിയാണ് പരിഗണനയിലുള്ളത്.
ഈഴവനെ നിയമിക്കാതെ
ദേവസ്വത്തിന്റെ ഒളിച്ചുകളി
ഇടതുപക്ഷം ഭരിക്കുന്ന കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അനുരാഗിന് നിയമന ഉത്തരവ് നൽകുന്നതിൽ വരുത്തിയ വീഴ്ചയാണ് ഹൈക്കോടതി നിർദ്ദേശത്തിലേക്ക് നയിച്ചത്. ഏപ്രിൽ 8ന് ഓൺലൈനായും രണ്ട് ദിവസം കഴിഞ്ഞ് തപാൽ മാർഗവും അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും ദേവസ്വം ഒരു നടപടിയും സ്വീകരിച്ചില്ല. ചെയർമാൻ അഡ്വ.സി.കെ. ഗോപിയും മൗനം പാലിച്ചു. ഇന്നലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനകാര്യം അന്വേഷിച്ചിരുന്നെങ്കിലും ഭരണസമിതിയോഗം തീരുമാനമെടുക്കുമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. മേയ് എട്ടിന് ക്ഷേത്രം ഉത്സവം കൊടിയേറുന്നതിന് മുമ്പ് നിയമനം നടക്കാതിരിക്കാൻ ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു.