ഹരിതോർജത്തിൽ സിയാലിന് ആഗോള അംഗീകാരം

Wednesday 23 April 2025 12:26 AM IST

നെടുമ്പാശേരി: ഹരിതോർജ ഉത്പാദനത്തിലെ പരീക്ഷണങ്ങൾക്ക് സിയാലിന് വീണ്ടും രാജ്യാന്തര അംഗീകാരം. പയ്യന്നൂർ സൗരോർജ പദ്ധതിയിലെ സാങ്കേതിക സംവിധാനത്തിനാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ) അംഗീകാരം ലഭിച്ചത്. പ്രതിവർഷം 60 ലക്ഷം മുതൽ ഒന്നര കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപോർട്ടുകളുടെ വിഭാഗത്തിലാണ് അംഗീകാരം.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എ.സി.ഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറിൽ നിന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അവാർഡ് സ്വീകരിച്ചു. എയർപോർട്ട് ഡയറക്ടർ ജി. മനു, എ.സി.ഐ ഇന്റർനാഷണൽ ഏഷ്യ-പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൻസി എന്നിവരും പങ്കെടുത്തു.

ഭൂമിയുടെ ഘടനയ്‌ക്ക് അനുസൃതമായി സ്ഥാപിച്ച പയ്യന്നൂരിലെ പ്ളാന്റിന് മറ്റുള്ളവയേക്കാൾ 35 ശതമാനത്തിലധികം പാനലുകളെ ഉൾക്കൊള്ളാനാകും.

ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളമായ സിയാലിന്റെ മൊത്തം സ്ഥാപിതശേഷി 50 മെഗാവാട്ടാണ്. സിയാലിന്റെ വികസന പദ്ധതികൾ ഊർജ്ജ ഉത്പാദകർക്ക് മാതൃകയാണെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.