മലപ്പുറത്ത് ടാൽറോപിന്റെ ആറാമത്തെ വില്ലേജ് പാർക്ക്

Wednesday 23 April 2025 1:50 AM IST

തവനൂർ: ഗ്രാമങ്ങളെ ടെക്‌നോളജിയുടെയും സംരംഭകത്വത്തിന്റെയും കേന്ദ്രങ്ങളാക്കുന്ന ടാൽറോപിന്റെ വില്ലേജ് പാർക്ക് മലപ്പുറം തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ആലത്തിയൂരിൽ പ്രവർത്തനമാരംഭിച്ചു. മിനി ഐ.ടി പാർക്കിന് സമാനമായ രീതിയിൽ നിർമ്മിച്ച വില്ലേജ് പാർക്കിന്റെ ഉദ്ഘാടനം തവനൂർ എം.എൽ.എ ഡോ. കെ.ടി ജലീൽ നിർവഹിച്ചു. ജില്ലയിലെ ആറാമത്തെ പാർക്കാണിത്. അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിലുള്ള ഇക്കോസിസ്റ്റമാണ് ടാൽറോപ് ഒരുക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള വർക്ക്‌സ്‌പേസ്, നിരവധി ഐ.ടി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സാന്നിധ്യം തുടങ്ങിയവയാണ് വില്ലേജ് പാർക്കിന്റെ സവിശേഷതകൾ. ഓരോ വാർഡുകളിലും ടെക്‌നോളജിയിൽ മിടുക്കരായ ഒരു കുട്ടിയെ കണ്ടെത്തി ക്രിയേറ്റർമാരാക്കുന്ന സൗജന്യ പദ്ധതിയായ 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്', വുമൺ എംപവർമെന്റ് ലക്ഷ്യമിടുന്ന 'പിങ്ക് കോഡേഴ്‌സ്' തുടങ്ങിയ പദ്ധതികളുടെ ഉദ്‌ഘാടനവും നടന്നു. തൃപ്രങ്ങോട് പ്രോജക്ടിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണറായ അബ്ദുൽ ജലീലിനെ ചടങ്ങിൽ ആദരിച്ചു. ടാൽറോപ് ബോർഡ് ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ അജീഷ് സതീശൻ, ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റ് ഫൈസൽ ടി.പി, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ അയന മോഹൻ തുടങ്ങിയവർ പങ്കെടുത്തു.