ഓഹരി വിപണികളിൽ ഇന്ത്യൻ വീരഗാഥ

Wednesday 23 April 2025 12:31 AM IST

ലോക വിപണികൾ ഇടിയുമ്പോൾ ഇന്ത്യ കുതിക്കുന്നു

കൊച്ചി: ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് ശേഷം ചരിത്ര മുന്നേറ്റം നടത്തുന്ന ലോകത്തിലെ ഏക ഓഹരി വിപണിയായി ഇന്ത്യ തിളങ്ങുന്നു. പകരച്ചുങ്കത്തിന് തൊട്ടുപിന്നാലെ തകർച്ച നേരിട്ടുവെങ്കിലും പിന്നീട് അതിശക്തമായി ഇന്ത്യൻ ഓഹരികൾ കുതിക്കുകയാണ്. അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികളെല്ലാം ഇരുപത് ദിവസത്തിനിടെ മൂക്കുകുത്തി.

ഏപ്രിൽ രണ്ടിന് ശേഷം സെൻസെക്സ് നാല് ശതമാനവും നിഫ്‌റ്റി 3.8 ശതമാനവും നേട്ടമുണ്ടാക്കി. എന്നാൽ അമേരിക്കയിലെ പ്രധാന സൂചികകളായ ഡൗ ജോൺസ് 9.6 ശതമാനവും എസ് ആൻഡ് പി 500 ഒൻപത് ശതമാനവുമാണ് ഇക്കാലയളവിൽ ഇടിഞ്ഞത്. ജർമ്മനിയിലെ ഡി.എ.എക്സ് 5.3 ശതമാനവും ഫ്രാൻസിലെ സി.എ.സി 7.3 ശതമാനവും യു.കെയിലെ എഫ്.ടി.എസ്.ഇ 3.9 ശതമാനവും നഷ്‌ടം നേരിട്ടു.

ജപ്പാനിലെ നിക്കി 3.8 ശതമാനവും ചൈനീസ് ഓഹരികൾ രണ്ട് ശതമാനവും ഇടിഞ്ഞു. ഹാംഗ്സെംഗ്, തയ്‌വാൻ ഓഹരികളാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ഇന്തോനേഷ്യ, ബ്രസീൽ എന്നിവയും മൂക്കുകുത്തി.

ഓഹരികൾ മുന്നേറ്റം തുടരുന്നു

തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി മുന്നേറി. സെൻസെക്സ് 187.09 പോയിന്റ് നേട്ടവുമായി 79,595.59ൽ അവസാനിച്ചു. നിഫ്‌റ്റി 41.70 പോയിന്റ് ഉയർന്ന് 24,167.25ൽ എത്തി. ധനകാര്യ, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. വിപണിയിൽ പണ ലഭ്യത ഉയർത്താൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളും വിദേശ നിക്ഷേപകരുടെ വർദ്ധിത പങ്കാളിത്തവുമാണ് ഓഹരികൾക്ക് കരുത്ത് പകർന്നത്.

അനുകൂല ഘടകങ്ങൾ

1. ആഗോള അനിശ്ചിതത്വങ്ങൾക്കിടെയിലും ലോകത്തിലെ ഏറ്റവും വളർച്ചാ സാദ്ധ്യതയുള്ള സാമ്പത്തിക മേഖലയായി ഇന്ത്യ കരുത്ത് തെളിയിക്കുന്നു

2. വ്യാപാര യുദ്ധ പ്രതിസന്ധി അവഗണിച്ച് ആഗോള ധനകാര്യ സ്ഥാപനങ്ങളും വൻകിട ഫണ്ടുകളും ഇന്ത്യൻ ഓഹരികളിലേക്ക് പണമൊഴുക്കുന്നു

3. അമേരിക്കയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ രാജ്യത്തെ കമ്പനികൾക്ക് വൻ നേട്ടമാകുമെന്ന വിലയിരുത്തൽ

4. എണ്ണ വിലയിലെ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യവർദ്ധനയും ഇന്ത്യൻ കമ്പനികളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നു