പരിശോധന കുറഞ്ഞു: കുത്തനെ കൂടി വൃക്കരോഗം

Wednesday 23 April 2025 12:02 AM IST
വൃക്ക

കോഴിക്കോട്: വൃക്കരോഗം മുൻകൂട്ടിയറിയാൻ ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് മൂന്ന് മാസത്തിനിടെ നടത്തിയ 30 ക്യാമ്പുകളിൽ വൃക്കരോഗികളുടെ എണ്ണം കൂടുന്നതായി കണ്ടെത്തൽ. ബേപ്പൂർ, ഒളവണ്ണ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ മൊബെെൽ യൂണിറ്റുമായി വീടുകളിലെത്തിയും മറ്റുമുള്ള പരിശോധന ഒരു വർഷം തുടരും. രക്തവും മൂത്രവും പരിശോധിച്ച് രോഗം നിർണയിക്കാമെങ്കിലും ഭൂരിഭാഗം പേരും ചെയ്യാത്തതാണ് രോഗികൾ കൂടാനുള്ള പ്രധാന കാരണം. 2010ൽ ട്രസ്റ്റ് ഡയാലിസിസ് തുടങ്ങുമ്പോൾ എട്ട് രോഗികളാണുണ്ടായിരുന്നത്. ഇപ്പോൾ പ്രദേശത്ത് ആറോളം ഡയാലിസിസ് സെന്ററുകളുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിലും മറ്റും ഡയാലിസിസ് ചെയ്യുന്നവർ പുറമെ. സംസ്ഥാനത്ത് മുതിർന്നവരിൽ 15 ശതമാനം പേരിൽ ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗമുള്ളതായി ഡോക്ടർമാർ പറയുന്നു. 10 വർഷം മുമ്പ് ഇത് 11 ശതമാനമായിരുന്നു. ഡയാലിസിസ് വേണ്ടവരുടെയും വൃക്ക മാറ്റിവയ് ക്കേണ്ടവരുടെയുംഎണ്ണം കൂടുകയാണ്. സർക്കാർ ആശുപത്രികളിൽ മാത്രം കഴിഞ്ഞ വർഷം 25 ലക്ഷം ഡയാലിസിസ് നടത്തിയെന്നാണ് കണക്ക്. ഗർഭകാലത്തെ പോഷകാഹാരക്കുറവ് കുട്ടികളിൽ വൃക്കരോഗത്തിനിടയാക്കാറുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ കൂടുതൽ അളവിലുള്ള മെർക്കുറി അംശം ശരീരത്തിൽ പ്രവേശിക്കുന്നതും വൃക്കരോഗത്തിനിടയാക്കുന്നു.

താങ്ങാനാവാതെ ചികിത്സാ ചെലവുകൾ

1,500 മുതൽ 3,500 രൂപ വരെ ഡയാലിസിസിന് ചെലവാകാറുണ്ട്. ഒരു രോഗിക്ക് മാസം ചുരുങ്ങിയത് 25,000 രൂപയാകും. കിടപ്പാടം വിറ്റും പരസഹായം തേടി ചികിത്സിക്കുന്നവരും ധാരാളം. ഒരു ഡയാലിസിസിന് നാല് മുതൽ നാലര മണിക്കൂർ ആവശ്യമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ വേണ്ടതിനാൽ സ്ഥിരം ജോലിക്ക് പോകാനാകില്ല. രോഗിക്കൊപ്പം സഹായിയും വാഹനവും വേണം.

  • പ്രധാന കാരണങ്ങൾ
  1. അനിയന്ത്രിതമായ പ്രമേഹം
  2. രക്തസമ്മർദ്ദം, വ്യായാമക്കുറവ്
  3. അശാസ്ത്രീയ ആഹാരരീതി

  • വേണം മുൻകരുതൽ
  1. തുടക്കത്തിൽ ബാഹ്യലക്ഷണം ഉണ്ടാകില്ല.
  2. വൃക്കകൾ കേടാകും വരെ രോഗമറിയില്ല.
  3. നിശ്ചിത ഇടവേളകളിൽ പരിശോധിക്കണം.

  • പരിഹാര നിർദ്ദേശങ്ങൾ

  1. ചികിത്സിച്ച് നിയന്ത്രിക്കുക
  2. ആഹാരരീതി ക്രമീകരിക്കുക
  3. വ്യായാമം ശീലമാക്കുക