ഷിപ്പിംഗ് ഏജൻസി തുറമുഖ ഫീസ് അടച്ചില്ല, ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നിലച്ചു

Wednesday 23 April 2025 12:33 AM IST
ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് തുറമുഖത്ത് കാത്തു കിടക്കുന്ന തിന്നക്കര ചരക്കു കപ്പൽ

ബേപ്പൂർ: തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേയ്ക്ക് ചരക്ക് കൊണ്ടുപോകുന്നതിന് ഷിപ്പിംഗ് ഏജൻസി തുറമുഖ വകുപ്പിന് അടക്കേണ്ട ഫീസ് യഥാസമയം നൽകാത്തതിനെ തുടർന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് കപ്പലിന് പോർട്ട് ഓഫീസ് അനുമതി നിഷേധിച്ചു. ശനിയാഴ്ച ചരക്കുകൾ നിറച്ച് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് മിനിക്കോയ്, കല്പേനി എന്നീ ദ്വീപുകളിലേക്കും യാത്ര തിരിക്കേണ്ട തിന്നക്കര എന്ന ചരക്ക് കപ്പലിനാണ് അനുമതി നിഷേധിച്ചത്. ഫയർ എഞ്ചിൻ, പൊലീസ് ജിപ്പ്, ടൈൽസ്, മാർബിൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവയാണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാനായി കപ്പലിൽ കയറ്റിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ ഷിപ്പിംഗ് ഏജൻസിയായ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് തുടർച്ചയായി ഫീസ് അടക്കുന്നതിൽ വീഴ്ച വരുത്തുന്നത്. ഫീ ഇനത്തിൽ 4.94000 രൂപ ഈ ഏജൻസി പോർട്ട് ഓഫീസിൽ കുടിശ്ശിക ഇനത്തിൽ അടക്കാനുണ്ട്. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കവുമായി ബന്ധപ്പെട്ട് തുറമുഖ ഫീ ഇനത്തിൽ ഏകദേശം 40,000 രൂപയാണ് തുറമുഖത്തുനിന്നുള്ള ഓരോ യാത്രയിലും പോർട്ട് ഓഫീസിൽ അടക്കേണ്ടത്. ഫീസ് അടക്കാത്തതിന്റെ പേരിൽ ഈ ഏജൻസിയ്ക്ക് മുൻകാലങ്ങളിലും ചരക്കു നീക്കത്തിന് പോർട്ട് ഓഫീസർ അനുമതി നിഷേധിച്ചിരുന്നു . ചരക്കുനീക്കം ഓരോ ദിവസവും വൈകുന്നത് മൂലം ഭീമമായ നഷ്ടമാണ് ലക്ഷദ്വീപുമായുള്ള വ്യാപാര മേഖലയിൽ സംഭവിക്കുന്നത്. ഈ യാത്രക്കുള്ള ഫീ അടച്ചതിനെ തുടർന്ന് കപ്പലിന് ഇന്നലെ വൈകിട്ട് പോർട്ട് ഓഫീസർ അനുമതി നൽകി. 3 ദിവസമാണ് കപ്പൽ തുറമുഖത്ത് യാത്ര തിരിക്കാനാവാതെ നങ്കുരമിട്ടത്. കുടിശ്ശിക പൂർണമായും ഉടൻ തന്നെ അടച്ചില്ലെങ്കിൽ ഈ ഏജൻസിയുടെ കീഴിൽ മുന്നോട്ടുള്ള ചരക്കു നീക്കം വിഷയമാകുമെന്ന് പോർട്ട് ഓഫീസർ ഹരി അച്ചുതവാര്യർ അറിയിച്ചു