'സമൃദ്ധി @ കൊച്ചി' ഇനി സംരംഭകരുടെ പാഠശാല
കൊച്ചി: പത്തു രൂപയ്‌ക്ക് ഉൗണു നൽകി കൊച്ചി നഗരത്തിന്റെ അന്നദാതാവായി മാറിയ 'സമൃദ്ധി @ കൊച്ചി" മറ്റുള്ളവരെയും ഇതേ പാതയിലേക്ക് നയിക്കുന്നു.
ഭക്ഷണ മേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്ന
സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പരിശീലനം നൽകും.
കുടുംബശ്രീ ജില്ലാ മിഷന്റെ അനുമതിയോടെ മറ്റു ജില്ലക്കാർക്കും പങ്കെടുക്കാം. അടുക്കളയിലുൾപ്പെടെ പ്രായോഗിക പരിശീലനം നൽകും. ഒരാഴ്ച മുതൽ മൂന്നു മാസം വരെയുള്ള കോഴ്സുകൾ ആരംഭിക്കാനാണ് നീക്കം. ഓരോ ബാച്ചിലും 35 പേർ. ചെലവ് ജില്ലാ മിഷനുകൾ വഹിക്കും.
വിദഗ്ദ്ധ അദ്ധ്യാപകരെ നിയമിക്കും. ട്രെയിനിംഗ് ഹാളിൽ അഡാപ്റ്റഡ് ഡിജിറ്രൽ ബോർഡ് ഉണ്ടാകും. ഈ സ്‌ക്രീനിലൂടെ ഓൺലൈനായും ക്ലാസിൽ പങ്കെടുക്കാം.
വളരുന്ന സമൃദ്ധി
എറണാകുളം നോർത്ത് പരമാര റോഡിലെ 'സമൃദ്ധി @ കൊച്ചി" കൊച്ചി കോർപ്പറേഷന്റെ അഭിമാന പദ്ധതിയാണ്.
10 രൂപയുടെ ഊണു വിളമ്പിയായിരുന്നു തുടക്കം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയായിരുന്നു പ്രവർത്തനം. ഇപ്പോൾ 24 മണിക്കൂറും പലവിധ ഭക്ഷണം വിളമ്പുന്നു. ഉച്ചയൂണ്, കഞ്ഞി, ബിരിയാണി എന്നിവയ്ക്ക് പുറമെ ചൈനീസ് ഭക്ഷണം, കപ്പ ബിരിയാണി തുടങ്ങിയവയുമുണ്ട്. സർക്കാർ സബ്‌സിഡി നിറുത്തിയതോടെ ഊണിന് 20 രൂപയായി. 3,000ൽ അധികം പേർക്കാണ് ദിവസേന ചോറ് വിളമ്പുന്നത്. അതിദരിദ്രർക്ക് സൗജന്യ ഭക്ഷണം, ഭക്ഷണ സാധനങ്ങൾ എന്നിവയും നൽകുന്നു.
വനിതാ സംരംഭകരുടെ കൂട്ടായ്മയായ സമൃദ്ധിയുടെ വളർച്ചയിൽ കേരളകൗമുദിയുടെ പിന്തുണ അമൂല്യമാണ്. സമൃദ്ധി പരിശീലനക്കളരി ആകുന്നത് എല്ലാത്തരത്തിലും അഭിമാനമാണ്
അഡ്വ. എം. അനിൽകുമാർ
കൊച്ചി മേയർ