കുരുന്നെഴുത്തുകൾ പ്രകാശന വേദിയിലേക്ക് മിഥുന് മന്ത്രി അപ്പൂപ്പന്റെ ക്ഷണക്കത്ത്

Wednesday 23 April 2025 1:43 AM IST

കല്ലമ്പലം: ഒന്നാംക്ലാസുകാരനായ മിഥുൻ മന്ത്രി അപ്പൂപ്പന്റെ ക്ഷണക്കത്ത് കിട്ടിയതിൽ ആഹ്ളാദത്തിലാണ്. തോട്ടയ്ക്കാട് ഗവ.എൽ.പി.എസിലെ വിദ്യാർത്ഥിയായ മിഥുന്റെ ഡയറിക്കുറിപ്പുകളും മന്ത്രി വി.ശിവൻകുട്ടി എഡിറ്ററായി പുറത്തിറക്കുന്ന കുരുന്നെഴുത്തുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അഞ്ച് ഒന്നാംക്ലാസുകാരിൽ ഒരാളാണ് മിഥുൻ.ഒന്നാംക്ലാസിലെ കുഞ്ഞുങ്ങളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളാണ് വിദ്യാകിരണം പുറത്തിറക്കുന്ന 'കുരുന്നെഴുത്തുകൾ". ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടൺഹിൽ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുരുന്നെഴുത്തുകളുടെ പ്രകാശനം നിർവഹിക്കും. മുൻ വിദ്യാഭ്യാസമന്ത്രി എം.എ ബേബി പുസ്തകം പരിചയപ്പെടുത്തും.എസ്.സി.ഇ.ആർ.ടി മികവ് സീസൺ ഫൈവ് പുരസ്കാരം നേടിയ വിദ്യാലയമാണ് തോട്ടയ്ക്കാട് ഗവ.എൽ.പി.എസ്. ഒന്നാംക്ലാസിലെ മുഴുവൻ കുട്ടികളുടെയും സ്വതന്ത്ര ബാലസാഹിത്യ രചനകൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ച വിദ്യാലയം കൂടിയാണിത്.