ഹൈക്കോടതിക്ക് ബോംബ് ഭീഷണി
കൊച്ചി: ഹൈക്കോടതി തകർക്കുമെന്ന വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കോടതിയിലെ അവധിക്കാല ബെഞ്ചുകളുടെയടക്കം സിറ്റിംഗ് തടസമില്ലാതെ നടന്നു. ഹൈക്കോടതി പരിസരത്ത് ആർ.ഡി.എക്‌സ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്നലെ ഇ-മെയിലിൽ എത്തിയതാണ് ആശങ്ക പരത്തിയത്.
സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 11 മണിയോടെ ഹൈക്കോടതി ഓഫീസിലെ മെയിലിലേക്ക് 'മദ്രാസ് ടൈഗേഴ്‌സ്" എന്ന മെയിലിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഉച്ചതിരിഞ്ഞ് 3ന് ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. മെയിൽ ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി അധികൃതർ സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം കൈമാറി.
പൊലീസ് സംഘവും ബോംബ്സ്ക്വാഡും മണിക്കൂറോളം പരിശോധന നടത്തി. ഹൈക്കോടതിക്ക് ശക്തമായ സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകി.
2024 ജനുവരിയിൽ ഹൈക്കോടതി ബോംബ് വച്ചു തകർക്കുമെന്ന ഇമെയിൽ വ്യാജഭീഷണി സന്ദേശം എത്തിയിരുന്നു. അന്നും സംശയാസ്പദമായി ഒന്നും കണ്ടെടുക്കാനായില്ല.