ഗ്രിഡിലെ വരവ് കുറഞ്ഞു ; തിങ്കളാഴ്ച രാത്രി 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

Wednesday 23 April 2025 12:54 AM IST

തിരുവനന്തപുരം: പുറമേ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയുടെ ഒഴുക്ക് കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി സംസ്ഥാന വ്യാപകമായി 15 മിനിട്ട് വൈദ്യുതി നിയന്ത്രണമുണ്ടായി. ആശുപത്രികൾ,അത്യാവശ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളെ ഒഴിവാക്കി ഓരോ സെക്ഷനിലും കൂടുതൽ പ്രതിസന്ധിയുണ്ടാകാത്ത തരത്തിലാണ് ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കിയത്.

രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും അതനുസരിച്ച് ഉത്പാദനം കൈകാര്യം ചെയ്യാൻ കഴിയാതെ വന്നതുമാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 300 മെഗാവാട്ടിന്റെ കുറവാണ് തിങ്കളാഴ്ച രാത്രി 7നും 12നുമിടയിലുണ്ടായത്. ഇത് കൈകാര്യം ചെയ്യുന്നതിനാണ് നിയന്ത്രണം വേണ്ടി വന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപയോഗം ഇന്നലെ 100.123 ദശ ലക്ഷം യൂണിറ്റാണ്. ഇതിൽ 81 .70 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുകയായിരുന്നു.