എം.ബി.എ: 4പേർ കൂടി പരീക്ഷ എഴുതി

Wednesday 23 April 2025 12:08 AM IST

തിരുവനന്തപുരം: 71 എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതിനെത്തുടർന്നുള്ള പ്രത്യേക പരീക്ഷ നാലുപേർ കൂടി എഴുതി. ഏഴിന് നടത്തിയ ആദ്യ പരീക്ഷ 65പേർ എഴുതിയിരുന്നു. അന്ന് പരീക്ഷയെഴുതാൻ കഴിയാത്തവർക്കായാണ് ഇന്നലെ നടത്തിയത്. ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.

നേരത്തേ പരീക്ഷയെഴുതിയ 65പേരും വിജയിച്ചിരുന്നു. ഇനി പരീക്ഷയെഴുതാനുള്ള 2 പേർ സർവകലാശാലയെ വിവരമറിയിച്ചാൽ വീണ്ടും പരീക്ഷ നടത്തും. മൂല്യനിർണയത്തിന് നൽകിയ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസുകൾ പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിലെ ഗസ്റ്റ് അദ്ധ്യാപകൻ പ്രമോദിന്റെ പക്കൽ നിന്ന് പാലക്കാട്ട് വച്ചാണ് നഷ്ടമായത്. പ്രമോദിനെ കോളേജ് പുറത്താക്കിയിരുന്നു.