സിവിൽ സർവീസ് ഫലം: ആദ്യ നൂറിൽ 6 മലയാളികൾ,​ യു.പി സ്വദേശിനിക്ക് ഒന്നാം റാങ്ക്

Wednesday 23 April 2025 1:15 AM IST

civil service

ന്യൂഡൽഹി: 2024ലെ സിവിൽ സർവീസസ് പരീക്ഷയിൽ ആദ്യ റാങ്കുകളിലടക്കം പെൺതിളക്കം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെയ്‌ക്കാണ് ഒന്നാം റാങ്ക്. ഗുജറാത്തിലെ ബറോഡ സ്വദേശി ഹർഷിത ഗോയൽ രണ്ടും, പൂനെ സ്വദേശി ഡോഗ്രെ അർച്ചിത് പരാഗ് മൂന്നും റാങ്ക് നേടി. ആദ്യ നൂറ് റാങ്കിൽ 6 മലയാളികളുണ്ട

ആൽഫ്രഡ് തോമസ് (33), മാളവിക ജി. നായർ (45), ജി.പി. നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്നാ മാത്യു (81), ദേവിക പ്രിയദർശനി (95) എന്നിവരാണ് ആദ്യ നൂറ് റാങ്കിലുള്ള മലയാളികൾ.

യോഗ്യത നേടിയ 1,009 ഉദ്യോഗാർത്ഥികളിൽ 335 പേർ ജനറൽ വിഭാഗത്തിലും, 109 പേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലുമുള്ളവരാണ്. 318 പേർ ഒ.ബി.സി വിഭാഗത്തിലും, 160 പേർ പട്ടികജാതിയിലും 87 പേർ പട്ടികവർഗത്തിലുമുൾപ്പെടുന്നു. 12 പേർ ഓർത്തോപീഡിക് വൈകല്യമുള്ളവരാണ്. എട്ട് പേർക്ക് കാഴ്ച വെല്ലുവിളിയും 16 പേർക്ക് കേൾവി വൈകല്യവുമുണ്ട്. ഒന്നിലധികം വൈകല്യമുള്ള ഒമ്പത് പേരുമുണ്ട്.

5,83,213 പേരാണ് 2024 ജൂണിൽ നടന്ന പ്രിലിമിനറി പരീക്ഷയെഴുതിയത്. 2024 സെപ്തംബറിൽ നടന്ന എഴുത്തു പരീക്ഷയിൽ യോഗ്യത നേടിയത് 14,627 പേർ. 2,845 പേർ അഭിമുഖ പരീക്ഷയ്‌ക്ക് യോഗ്യത നേടി.

നിലവിലെ ഒഴിവുകൾ

 ഐ.എ.എസ്-180

 ഐ.എഫ്.എസ്- 55

 ഐ.പി.എസ്-147

 ഗ്രൂപ്പ് എ തസ‌്തിക-605

 ഗ്രൂപ്പ് ബി തസ‌്തിക-142