വിശ്വാസം മുതലെടുത്തു, ഒടുവിൽ ശത്രുവായി
കോട്ടയം: ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷിക്കുന്ന അസാം സ്വദേശി അമിത് കൊല്ലപ്പെട്ട വിജയകുമാറിന്റെ വിശ്വസ്തനായിരുന്നു. വർഷങ്ങളോളം വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. മകന്റെ മരണശേഷം വിജയകുമാറിന്റെ ആശ്രയമായിരുന്നു. മകനെപ്പോലെയായിരുന്നു കണ്ടിരുന്നത്. എന്നാൽ, അത് മുതലെടുത്താണ് ഫോൺ മോഷ്ടിച്ച് അതിലൂടെ പണം തട്ടിയത്.
ഇതിന് ശകാരിക്കുകയും പൊലീസിൽ പരാതി നൽകി ജയിലിലാക്കുകയും ചെയ്തതോടെ അമിതിന് ശത്രുതയായി. കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീട്ടിലെത്തി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. കൊലപാതകശേഷം ഇരുവരുടേയും ഫോണുകൾ നഷ്ടമായിട്ടുണ്ട്. ഇവ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണ്. ഫോൺ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാനാണോ, മകൻ ഗൗതമിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെങ്കിൽ നശിപ്പിക്കാനാണോയെന്ന സംശയവുമുണ്ട്.
അമിത് സംസ്ഥാനം വിട്ടതായാണ് സൂചന. സംഭവശേഷം ഇയാൾ കോട്ടയത്തെ ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നതായും അറിയുന്നു. നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും അഞ്ഞൂറിലേറെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കാണാതായ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ വീട്ടിലെ കിണറ്റിൽ ഉപേക്ഷിച്ചിട്ടുണ്ടോയെന്നറിയാൻ കിണർ വറ്റിച്ച് പരിശോധിക്കും. കോട്ടയം ഡിവൈ.എസ്.പി കെ.ജി.അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
തലയ്ക്കേറ്റ ക്ഷതം മരണകാരണം തലയ്ക്കേറ്റ ക്ഷതമാണ് ദമ്പതികളുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്‌ക്കേറ്റ ക്ഷതത്തെത്തുടർന്നു രക്തസ്രാവമുണ്ടായി. മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് ആക്രമണം. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘം
തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശത്തെ തുടർന്ന് കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ്, വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
''ദമ്പതികളെ അടുത്തറിയാവുന്നയാളാണ് പ്രതി. ഉടൻ അറസ്റ്റ് ചെയ്യും
-ഷാഹുൽ ഹമീദ്,
കോട്ടയം ജില്ല
പൊലീസ് മേധാവി