പുലിപ്പേടി മാറാതെ മുതലമട

Wednesday 23 April 2025 1:17 AM IST

 പശുക്കുട്ടിയെ കടിച്ചു കീറിയ നിലയിൽ

മുതലമട: ചെമ്മണാമ്പതി അണ്ണാനഗറിൽ തൊഴുത്തിൽ ചത്ത നിലയിൽ കണ്ട പശുക്കുട്ടിയെ പുലി കൊന്നതെന്ന് വീട്ടുടമയും നാട്ടുകാരും. സമീപ ദിവസങ്ങളിൽ ഇവിടെ പുലിയുടെ സാമീപ്യമുണ്ടായിരുന്നു. മുതലമട, അണ്ണാനഗർ പെരിയപ്പതിക്കാട് ശേഖറിന്റെ ഒന്നര വയസ്സുള്ള പശുക്കുട്ടിയാണ് ചത്തത്. പശുക്കുട്ടി യെ കൊന്നത് പുലിയാണെന്ന നിഗമനത്തിലാണ് വീട്ടുടമ കൊല്ലങ്കോട് വനം വകുപ്പിനെ വിവരം അറിയിച്ചത്. തിങ്കളാഴ്ച രാത്രി തൊഴുത്തിൽ കെട്ടിയ പശുക്കുട്ടിയെ ഇന്നലെ കാലത്താണ് വന്യമൃഗം കടിച്ചുകീറി കുടൽ പുറത്ത് ചാടിയ നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പുലിയുടേതെന്നു കരുതാവുന്ന കാൽപ്പാദങ്ങൾ ലഭിച്ചില്ലെന്ന് അറിയിച്ചു. കുറച്ച് ദിവസത്തേക്ക് പ്രദേശത്ത് പെട്രോളിംഗ് കർശനമാക്കുമെന്ന് അസി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു. ചെമ്മണാമ്പതിയിലും പരിസര പ്രദേശങ്ങളിലും പുള്ളിപ്പുലി സാമിപ്യം ഉള്ളതായി നാട്ടുകാർ പരാതി പ്പെട്ടിരുന്നു. പ്രദേശത്ത് ഒരു പാറക്കെട്ടിൽ പുലി വെള്ളം കുടിക്കുന്ന ദൃശ്യവും കാമറയിൽ പതിഞ്ഞിരുന്നു. കൂടാതെ വനം വകുപ്പ് വനാതിർത്തിയിൽ നിർമ്മിച്ച നീരുറവയിൽ നിന്ന് പുലി വെള്ളം കുടിക്കുന്നത് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ജനങ്ങൾ പുലിപ്പേടിയിലാണ്. വേനൽ കടുത്തതോടെ വനങ്ങളിൽ നിന്നുള്ള വന്യമൃഗങ്ങൾ കാട് ഇറങ്ങി വരുന്നത് പതിവാണ്. പുലിയും കരടിയും ആനയും ഉൾപ്പെടെ നിരവധി വന്യജീവികൾ കർഷകർക്കും പൊതുജനങ്ങൾക്കും ഭീഷണിയാണ്. അധികൃതർ നടപടികൾ സ്വീകരിക്കണം.

എസ്.നിധിൻഘോഷ് മുതലമട, യുവജനതാദൾ എസ്, ജില്ലാ കമ്മറ്റിയംഗം .

പുലിയുടെ സാമീപ്യം നിരീക്ഷിച്ചു വരുകയാണ്. പശുവിന്റെ മരണകാരണം വനം വകുപ്പ് പരിശോധിക്കും. വീട്ടുടമയ്ക്ക് നഷ്ട്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കും.

കെ.പ്രമോദ്, വനം വകുപ്പ് റെയ്ഞ്ച് ഓഫീസർ, കൊല്ലങ്കോട്