പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ: കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ്
കൊല്ലം: കേന്ദ്ര തൊഴിൽ മന്ത്രി മൺസുഖ് മണ്ഡാവിയ കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചു. ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താനാണ് തീരുമാനം. ആശ്രാമത്ത് സ്ഥലപരിമിതിയുള്ളതിനാൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്നാണ് നിബന്ധന. കൊല്ലം പാർവതി മിൽ ഭൂമിയിൽ ഇതിനായി വിട്ടുകിട്ടാനുള്ള ശ്രമം എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
കൊല്ലത്തിന് പുറമേ മഹാരാഷ്ട്രയിലെ പൂന നാഗ്പൂർ, ഹരിയാനയിലെ മനേസർ, ഗുജറാത്തിലെ സൂറത്ത്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഒഡീഷ്യയിലെ ഭുവനേശ്വർ വെസ്റ്റ്, ബംഗാളിലെ അസാൻ സോൾ, ഉത്തർപ്രദേശിലെ പാണ്ഡ്യ നഗർ, ഗോദയിലെ മഗ് ഗോൺ എന്നിവിടങ്ങളിലാണ് മറ്റു മെഡിക്കൽ കോളേജുകൾ. പുതിയ മെഡിക്കൽ കോളേജുകളിലെ പട്ടികയിൽ മഹാരാഷ്ട്രയും ഹരിയാനയും കഴിഞ്ഞാൽ കേരളത്തിലെ കൊല്ലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോഴത്തെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇ.എസ്.ഐ കോർപ്പറേഷൻ നിർമ്മിച്ചതാണ്. ഇതിനിടയിൽ മെഡിക്കൽ കോളേജുകൾ കോർപ്പറേഷൻ നടത്തേണ്ടെന്ന തീരുമാനമുണ്ടായി. ഇതോടെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനിരുന്ന മെഡിക്കൽ കോളേജ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഇവിടെ ഇ.എസ്.ഐ അംഗങ്ങൾക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗണന നഷ്ടമായി.
ഇ.എസ്.ഐ അംഗങ്ങൾക്ക് ആശ്വാസം
തൊഴിലാളികളുടെ ചികിത്സാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം നിലവിൽ സ്വകാര്യ റഫറൻസിന് നിയന്ത്രണം റഫറൻസ് സർക്കാർ ആശുപത്രികളിലേക്ക് മാത്രം
സർക്കാർ ആശുപത്രികളിൽ മറ്റ് രോഗികളുടെ തിരക്ക് ശസ്ത്രക്രിയകൾക്ക് ആഴ്ചകൾ കാത്തിരിക്കണം
കൂടുതൽ സ്പെഷ്യാലിറ്റികൾ വരും
വിദഗ്ദ്ധ ഡോക്ടർമാരും അത്യാധുനിക സൗകര്യങ്ങളും
പ്രേമചന്ദ്രന്റെ ഇടപെടൽ നിർണായകം
ഇ.എസ്.ഐ ബോർഡ് അംഗം കൂടിയായ എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ഇടപെടലാണ് പുതിയ തീരുമാനത്തിന് പിന്നിൽ. 10 മെഡിക്കൽ കോളേജുകൾ തുടങ്ങുന്ന കാര്യം ബോർഡ് യോഗത്തിൽ അജണ്ടയായപ്പോൾ പ്രേമചന്ദ്രൻ ആശ്രാമം ആശുപത്രി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇ.എസ്.ഐ കോർപ്പറേഷനിലെ ഉന്നത സംഘം ആശ്രാമം ആശുപത്രി സന്ദർശിച്ചതിന് ശേഷം നടന്ന ബോർഡ് യോഗത്തിൽ കൊല്ലത്ത് മെഡിക്കൽ കോളേജ് അനുവദിക്കാൻ തത്വത്തിൽ ധാരണയായിരുന്നു.
മെഡിക്കൽ കോളേജിന് പാർവതി മില്ലിന്റെ സ്ഥലം കിട്ടാൻ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗ്, കേന്ദ്ര ടെക്സ്റ്റേൽസ് സെക്രട്ടറി എന്നിവരുമായി പ്രേമചന്ദ്രൻ ചർച്ച നടത്തി. പാർവതി മില്ലുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള കേസ് വേഗത്തിൽ തീർപ്പാക്കാനുള്ള ഇടപെടൽ ഇവർ ഉറപ്പുനൽകിയിട്ടുണ്ട്. സമാനമായ ആവശ്യം സംസ്ഥാന സർക്കാരും ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേമചന്ദ്രൻ മുഖ്യമന്ത്രി, തൊഴിൽ മന്ത്രി എന്നിവരെ നേരിൽ കണ്ടു. ഇതിന്റെ ഭാഗമായി സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി.
കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. കൊല്ലത്തിന്റെയും തൊഴിലാളികളുടെയും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി