ഒമാൻ പര്യടനത്തിൽ കേരളത്തിന് കലക്കൻ തുടക്കം
മസ്കറ്റ് : ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഒമാൻ ചെയർമാൻസ് ഇലവനെ നാല് വിക്കറ്റിന് തോൽപ്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ഓവറിൽ 326 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം അഞ്ച് പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയടിച്ച രോഹൻ കുന്നുമ്മലിന്റേയും (122) അർദ്ധ സെഞ്ച്വറികൾ നേടിയ സൽമാൻ നിസാറിന്റേയും(87) ഷോൺ റോജറിന്റെയും (56) മികവിലാണ് കേരളത്തിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഒമാൻ ടീമിന് ഓപ്പണർമാർ നല്കിയ മികച്ച തുടക്കമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ജതീന്ദർ സിംഗും ആമിർ കലീമും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിൽ 137 റൺസ് പിറന്നു. ജതീന്ദർ 136 പന്തുകളിൽ 150ഉം ആമിർ 68 പന്തുകളിൽ 73 റൺസും നേടി. എന്നാൽ ആമിർ പുറത്തായതിന് ശേഷമെത്തിയ ഒമാൻ ബാറ്റർമാർക്ക് തിളങ്ങാനായില്ല. ശക്തമായി തിരിച്ചു വന്ന കേരള ബൗളർമാർ ഒമാനെ 326ൽ ഒതുക്കി. കേരളത്തിന് വേണ്ടി എം.ഡി നിധീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ കേരളത്തിന് മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും സൽമാൻ നിസാറും ചേർന്ന് നേടിയ 146 റൺസാണ് നിർണായകമായത്. 109 പന്തുകൾ നേരിട്ട് 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. സൽമാൻ നിസാർ 87 റൺസെടുത്തു. രോഹന് ശേഷമെത്തിയ ഷോൺ റോജറുടെ പ്രകടനവും ശ്രദ്ധേയമായി. ഷോൺ 48 പന്തുകളിലാണ് 56 റൺസെടുത്തത്. ലക്ഷ്യത്തോട് അടുക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും അക്ഷയ് മനോഹറും ഷറഫുദ്ദീനും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. ഒമാന് വേണ്ടി ഹുസൈൻ അലി ഷാ നാല് വിക്കറ്റുകൾ വീഴ്ത്തി.