രണ്ടാം ദിനം വെങ്കലശോഭ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 28ാമത് ദേശീയ ഫെഡറേഷൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാംദിനം തലയൽപ്പം ഉയർത്തി മലയാളി താരങ്ങൾ. ട്രാക്കിലും ഫീൽഡിലും നിന്നായി ഇന്നലെ സ്വന്തമാക്കിയത് അഞ്ച് വെങ്കല മെഡലുകൾ. ജെ.എസ്.ഡബ്ല്യുവിന്റെ വി.കെ. മുഹമ്മദ് ലസാനാണ് ആദ്യ മെഡൽ സ്വന്തമാക്കിയ മലയാളി താരം. 110 മീറ്റർ ഹർഡിൽസിൽ 14.17 സെക്കൻഡിൽ ലക്ഷ്യം തൊട്ടാണ് ലസാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മഹാരാഷ്ടയുടെ തേജസിനാണ് ഈയിനത്തിൽ സ്വർണം. 13.65 സെക്കൻഡ്.
പുരുഷ വിഭാഗം ഹൈജമ്പിൽ. കേരളത്തിന്റെ ഭരത് രാജ് 2.14 മീറ്റർ ചാടിയാണ് വെങ്കലം സ്വന്തമാക്കിയത്. മഹാരാഷ്ട്രയുടെ സർവേഷ് അനിൽ കുഷാരെയ്ക്കാണ് സ്വർണം. 2.26 ദൂരം ചാടി ഏഷ്യൻ യോഗ്യത മാർക്കും (2.23) സർവേഷ് ക്ലിയർ ചെയ്തു.
400 മീറ്ററിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കേരളത്തിന്റെ കെ.സ്‌നേഹയും ടി.എസ് മനുവും വെങ്കലം നേടി.
പനിയുടെ ക്ഷീണത്തിലായിരുന്നെങ്കിലും വാശിയേറിയ മത്സരത്തിൽ 53 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കോഴിക്കോട് മീഞ്ചന്ത സ്വദേശിനി നേട്ടം സ്വന്തമാക്കിയത്. 46.39 സെക്കൻഡിൽ ഓടിയെത്തിയാണ് വയനാട് മീനങ്ങാടി സ്വദേശിയായ മനു വെങ്കലം ഉറപ്പിച്ചത്.
പുരുഷ വിഭാഗം ലോംഗ് ജമ്പിൽ റിലയൻസിനായി ഇറങ്ങിയ കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് അനീസ് യഹിയ 7.70മീറ്റർ ചാടിയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. തമിഴ്‌നാടിന്റെ പി.ഡേവിഡിനാണ് സ്വർണം. 7.94 മീറ്റർ മറികടന്നെങ്കിലും ഏഷ്യൽ യോഗ്യത മാർക്ക് (8.07) കീഴടക്കാനായില്ല.