വേ​ന​ൽ​ച്ചൂ​ടിന് കുറവില്ല; ജില്ലയിൽ ചി​ക്ക​ൻ പോ​ക്സ് കേസുകൾ വർദ്ധിക്കുന്നു

Thursday 24 April 2025 12:32 AM IST

പാലക്കാട് ചി​ക്ക​ൻ പോ​ക്സ് സ്ഥിരീകരിച്ചത് -178 പേർക്ക്

പാലക്കാട്: ഇടയ്ക്കിടെ വേനൽ മഴ ലഭിച്ചെങ്കിലും ജില്ലയിൽ ചൂടിന് കുറവില്ല. ചൂട് കൂടുന്നതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ ചിക്കൻപോക്സും പടരുകയാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 9969 പേർക്ക് രോഗബാധയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 19 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1421 പേർക്ക് രോഗം ബാധിച്ചിണ്ടുണ്ട്. ഈ കാലയളവിൽ പാലക്കാട് മാത്രം 178 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗബാധയുണ്ടായതോടെ പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഹോസ്റ്റലുകൾ കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു.

നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലോ ചിക്കൻപോക്സ് വാക്സിൻ എടുക്കാത്തവരിലോ വളരെ എളുപ്പത്തിൽ പടരും. കഴിഞ്ഞമാസം 3090 പേർക്ക് സംസ്ഥാനത്താകെ ചിക്കൻ പോക്സ് സ്ഥിരീകരിച്ചിരുന്നു. വേനൽച്ചൂട് കനത്തതോടെ പകർച്ചവ്യാധികൾ പടരുന്നുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മഞ്ഞപിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.

ചി​ക്ക​ൻ പോ​ക്സ്

വാരിസെല്ലസോസ്റ്റർ എന്ന വൈറസാണ് രോഗബാധയുണ്ടാക്കുന്നത്. വൈറസ് ബാധിച്ച് 10 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും. ഇത് കുറച്ചുദിവസം നീണ്ടുനിൽക്കും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണവും സുഖമില്ലെന്ന തോന്നലുമെല്ലാം അനുഭവപ്പെടാം.

രോഗം പകരുന്നത്

രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുൻപും കുമിള പൊന്തി 6 -10 ദിവസം വരെയും രോഗം പകരാൻ സാധ്യതയേറെയാണ്. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്.

പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങൾ ചിക്കൻപോക്സ് ബാധിച്ചവർക്ക് അനുയോജ്യമാണ്. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം. പോഷകസമ്പൂർണമായ ഭക്ഷണം കഴിക്കണം. ചിക്കൻപോക്സ് ബാധിതർ കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുരുക്കൾ പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നതു രോഗി പരമാവധി ഒഴിവാക്കണം. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകരാൻ കാരണമാകും.

ചികിത്സ

ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.