വെടിവച്ചു കൊന്നത് 4,663 കാട്ടുപന്നികളെ
കൊച്ചി: ഷാർപ്പ് ഷൂട്ടർമാർ സംസ്ഥാനത്ത് ഒമ്പത് വർഷത്തിനിടെ വെടിവച്ചുകൊന്നത് ജനവാസമേഖലകളെ വിറപ്പിച്ച 4,663 കാട്ടുപന്നികളെ. ഇവയുടെ ജഡങ്ങൾ മറവുചെയ്യാനും അംഗീകൃത ഷൂട്ടർമാരുടെ ഓണറേറിയത്തിനുമായി സർക്കാർ ചെലവാക്കിയത് 1,63,20,500 രൂപ. വനംവകുപ്പ് സർക്കാരിന് കൈമാറിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മലപ്പുറം വണ്ടൂരിലാണ് ഏറ്റവും അധികം കാട്ടുപന്നികളെ കൊന്നത്, 383 എണ്ണം. 16 ഷൂട്ടർമാരാണ് വണ്ടൂരിലുള്ളത്. 333 കാട്ടുപന്നികളെ വെടിവച്ചുകൊന്ന നെന്മാറയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഏഴ് ഷൂട്ടർമാരാണ് ഇത്രയും കാട്ടുപന്നികളെ വകവരുത്തിയത്. തൊട്ടടുത്ത പട്ടാമ്പിയാണ് മൂന്നാം സ്ഥാനത്ത്. വെറും മൂന്ന് ഷൂട്ടർമാർ ചേർന്ന് 269 പന്നികളെ ഇവിടെ തോക്കിന് ഇരയാക്കി.
കേരളത്തിലെ 52 നിയമസഭാ മണ്ഡലങ്ങളാണ് കാട്ടുപന്നികളിൽ നിന്ന് സുരക്ഷിതമായിട്ടുള്ളത്. കാട്ടുപന്നിശല്യമുള്ള 96 മണ്ഡലങ്ങളിൽ 14 ഇടത്ത് അംഗീകൃത ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഇക്കാലയളവിൽ 472 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. മണലൂരാണ് ഇതിൽ മുന്നിൽ, 94 എണ്ണം. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുനിന്ന് ഷൂട്ടർമാരെ എത്തിക്കും.
ഷൂട്ടർമാരുണ്ടെങ്കിലും വെടിപൊട്ടാത്ത സ്ഥലങ്ങളുമുണ്ട്. തിരുവല്ല, പാല, പുല്ലൂർ, ഏറനാട്, തൃപ്പൂണിത്തുറ, പുതുക്കാട് എന്നിവയാണ് ഈ പട്ടികയിൽ. പാലയിൽ ഒമ്പത് ഷൂട്ടർമാരാണുള്ളത്.
നിരവധി മാനദണ്ഡങ്ങൾ പാലിച്ചാണ് കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്നത്. വനനിയമത്തിൽ ഷെഡ്യൂൾ മൂന്നിലുള്ള ജീവിയാണ് കാട്ടുപന്നി. കേന്ദ്രം ഇതുവരെ ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല.
1500 രൂപ സർക്കാർ ഉത്തരവ് പ്രകാരം കാട്ടുപന്നി ഒന്നിന് ഷൂട്ടർമാർക്ക് 1,500 രൂപയാണ് ഓണറേറിയം. കഴിഞ്ഞവർഷം വരെ ഇത് 1,000 രൂപയായിരുന്നു. 2025 ജനുവരി മുതലാണ് 500 രൂപ കൂടി ഉയർത്തിയത്.
കുഴിച്ചുമൂടാൻ 2000 വെടിവച്ചുകൊല്ലുന്ന കാട്ടുപന്നികളുടെ അസ്ഥികൾപോലും വീണ്ടെടുക്കാനാവാത്തവിധം മറവുചെയ്യണമെന്നാണ് ചട്ടം. ഒരു കാട്ടുപന്നിക്ക് 2,000 രൂപയാണ് മറവുചെയ്യാൻ നീക്കിവച്ചിട്ടുള്ളത്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിൽ നിന്നാണ് പണം വിനിയോഗിക്കുന്നത്.
ഷൂട്ടർമാർ സംസ്ഥാനത്ത് ആകെ ഷൂട്ടർമാർ 420 പേർ തോക്ക് ലൈസൻസ് നിർബന്ധം സ്വയം സന്നദ്ധരായി എത്തുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥർ മുതൽ പട്ടികയിൽ ഡി.എഫ്.ഒയും സംഘത്തിൽ
നിയോജക മണ്ഡലം - വെടിവച്ചുകൊന്ന കാട്ടുപന്നികളുടെ എണ്ണം • വണ്ടൂർ - 383 • നെന്മാറ- 333 • പട്ടാമ്പി - 269 • വാമനപുരം -254 • തിരുവമ്പാടി -217 • നിലമ്പൂർ - 213 • കോങ്ങാട് - 186 • മണ്ണാർക്കാട് -185 • ഷൊർണൂർ -110