'പഹൽഗാമിലെ ഭീകരാക്രമണം മാപ്പർഹിക്കാത്ത കുറ്റകൃത്യം, രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം'
മലപ്പുറം : പഹൽഗാമിലെ ഭീകരാക്രമണം മാപ്പർഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്ത അദ്ധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു, ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ നിതാന്ത ജാഗ്രത പുലർത്തണം. മനുഷ്യത്നവ രഹിതമായ ഇത്തരം ചെയ്തികളിൽ നിന്നും അക്രമികൾ പിന്തിരിയണമെന്നും അവർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും തകർക്കുന്ന ഏത് നീക്കത്തിനെതിരെയും ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ഇരുവരും പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌ക്കർ ഇ തൊയ്ബയുടെ ഉപമേധാവി സൈഫുള്ള ഖാലിദ് എന്ന കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. ആഗോള ഭീകരനും ലഷ്‌ക്കർ സഹ സ്ഥാപകനുമായ ഹഫീസ് സെയ്ദിന്റെ വലംകൈയാണ് ഇയാൾ. കസൂരി ലഷ്‌ക്കറിന്റെ പ്രാദേശിക സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.