പഹൽഗാം ഭീകരാക്രമണം : രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു,​ സംസ്കാരം വെള്ളിയാഴ്ച

Wednesday 23 April 2025 9:01 PM IST

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം (65)​ നാട്ടിലെത്തിച്ചു. ഡൽഹി വഴി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി. രാജീവ്,​ പി. പ്രസാദ്,​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,​ കേന്ദ്രമന്ത്രി സുരേഷ് ഗോപി,​ എം.എൽ.എമാർ,​ എം.പിമാർ തുടങ്ങിയവരും നെടുമ്പാശേരിയിൽ എത്തിയിരുന്നു. മൃതദേഹം ഇന്ന് മോർച്ചറിയിലേക്ക് മാറ്റും. മറ്റന്നാൾ രാവിലെ ഏഴു മണി മുതൽ ഒമ്പത് വരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. രാമചന്ദ്രന്റെ അമേരിക്കയിലുള്ള സഹോദരന് എത്താനായിട്ടാണ് സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിൽ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കുടുംബത്തോടൊപ്പമായിരുന്നു രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രൻ, മകൾ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികൾ (5) എന്നിവരാണ് ഉണ്ടായിരുന്നത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്.